ഫോണും ഐ-പോഡും സ്വന്തമാക്കാന്‍ കിഡ്‌നി വിറ്റു

By സ്വന്തം ലേഖകന്‍ |Story dated:Saturday April 7th, 2012,11 56:am

ബെയ്ജിംങ്: പതിനേഴുകാരനായ വാങ് എന്ന വിദ്യാര്‍ത്ഥിയാണ് ഐ-പോഡും ഫോണും വാങ്ങാനായി തന്റെ കിഡ്‌നി വിറ്റതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ചെന്‍ചൗ നഗരത്തിലാണ് സംഭവം നടന്നത്.

 

സംഭവത്തെ തുടര്‍ന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അവയവറാക്കറ്റിലെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.

 
സര്‍ജന്‍ ,ആശുപത്രി കോണ്‍ട്രാക്റ്റര്‍, അനവധി ബ്രോക്കര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഒരു വന്‍ ശൃംഖലയാണിതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഓണ്‍ലൈനിലൂടെ കണ്ടെത്തുന്ന ഡോണര്‍മാരെ പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററിലെത്തിക്കുകയാണ് ഇവരുടെ രീതി.
നിലവില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 15 ലക്ഷത്തോളം പേര്‍ക്ക് ഇവിടെ അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സൗജന്യമുപയോഗിച്ച് പ്രതിവര്‍ഷം 10,000 പേര്‍ക്കു മാത്രമെ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്നുള്ളൂ. ഈ അവസ്ഥ മുതലെടുത്താണ് അനധികൃത അവയവ വില്‍പ്പന വ്യാപകമായി കൊണ്ടിരിക്കുന്നത്.