ഫേസ്ബുക്ക് ഓഹരി വിപണിയിലേക്ക്.

ന്യൂയോര്‍ക്ക് : പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് കമ്പനിയായ ഫേസ്ബുക്ക് പ്രാഥമിക ഓഹരി വിപണിയിലേക്കു (ഐപിഒ) കടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. ഇതിനു മുന്നോടിയായി വയ്‌ക്കേണ്ട രേഖകള്‍ അടുത്തയാഴ്ച്ച സമര്‍പ്പിച്ചേക്കുമെന്ന് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഓഹരി വില്‍പ്പനയിലൂടെ 1000 കോടി ഡോളറെ(49000 കോടി രൂപ) ങ്കിലും സമാഹരിക്കാന്‍ കമ്പനിക്കാവുമെന്നാണ് കണക്കുകൂട്ടുന്നത്. കമ്പനിയുടെ മൂല്യം 7500 കോടി ഡോളറിനും 10,000 കോടി ഡോളറിനും ഇടയിലേക്ക് ഉയരുമെന്നും കരുതുന്നു.

2010, 2011 വര്‍ഷങ്ങളില്‍ കമ്പനി വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് നേടിയതായി കണക്കുകള്‍ കാണിക്കുന്നു. ഈ വരുമാനത്തിന്റെ 85 ശതമാനം പരസ്യങ്ങളില്‍ നിന്നും ബാക്കി സാമൂഹ്യ വിനിമയ പദ്ധതികളില്‍ നിന്നും മറ്റു ഫീസുകളില്‍ നിന്നുമാണ് ലഭിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ഫേസ്ബുക്ക് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിച്ചത്. ഇക്കാലയളവില്‍ 80,000 കോടിയോളം ഉപയോക്താക്കളെ കമ്പനിക്കു ലഭിച്ചു.

അമേരിക്കന്‍ വിപണിയില്‍ വലിയ ചലനമുണ്ടായേക്കുമെന്നു പ്രതീക്ഷിക്കുന്ന ഓഫറില്‍ നിന്ന് നേട്ടം കൊയ്യാന്‍ നിരവധി ബാങ്കുകളും രംഗത്തുണ്ട്. ഓഫറില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുകവഴി ബാങ്കര്‍ ഫീസിനത്തിലും മറ്റും വലിയൊരു തുക സമാഹരിക്കുകയാണ് ഇവരുടെ ലക്ഷ്യം.