ഫുട്‌ബോള്‍ ഇതിഹാസതാരം ശൈലേന്ദ്രനാഥ് മന്ന അന്തരിച്ചു.

കൊല്‍ക്കത്ത : ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസതാരങ്ങളിലൊരാളായിരുന്ന ശൈലേന്ദ്രനാഥ് മന്ന (87)അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട മികച്ച ഡിഫന്റര്‍മാരില്‍ ഒരാളായാണ് മന്ന അറിയപ്പെട്ടത്. മികച്ച സെറ്റ് പീസ് കളിക്ക് പേരുകേട്ട മന്നയെ 2000-ത്തില്‍ നൂറ്റാണ്ടിന്റെ ഫുട്‌ബോളറായി ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുത്തിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടിക്കൊടുത്തത് മന്നയുടെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ ടീമായിരുന്നു. 1970-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.
സത്യസന്ധതയും കളിയോടുളള അര്‍പ്പണവും ലളിതമായ ജീവിതശൈലിയും മന്നയുടെ സവിശേഷതകളായിരുന്നു. മോഹന്‍ബഗാനിലൂടെ തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ച മന്നയുടെ ജീവിതം എന്നും ആരാധനയോടെയായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ നോക്കികണ്ടത്. ഇദ്ദേഹത്തിന്റെ ദേഹവിയോഗം ഫുട്‌ബോള്‍ ആരാധകര്‍ക്ക് തീരാനഷ്ടം തന്നെയാണ്.