ഫിഫ എക്‌സിക്യൂട്ടീവ്‌ ചാള്‍സ്‌ ബ്ലേസര്‍ക്ക്‌ ആജീവനാന്ത വിലക്ക്‌

charles-blazerസൂറിച്ച്‌: ഫിഫ എക്‌സിക്യൂട്ടീവ്‌ ചാള്‍സ്‌ ബ്ലേസര്‍ക്ക്‌ ആജീവനാന്ത വിലക്ക്‌. ലോകകപ്പ്‌ ഫുട്‌ബോള്‍ വേദി അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. ഫിഫ എത്തിക്‌സ്‌ കമ്മിറ്റിയാണ്‌ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബ്ലേസറെ വിലക്കിയത്‌. ബ്ലേസര്‍ അച്ചടക്കം ലംഘിച്ചതായി കമ്മിറ്റി കണ്ടെത്തി.

1998 ലെയും 2010 ലെയും ലോകകപ്പ്‌ ഫുട്‌ബോള്‍ വേദികള്‍ അനുവദിക്കാന്‍ ഫിഫ എക്‌സിക്യൂട്ടീവുകള്‍ കൈക്കൂലി വാങ്ങിയെന്ന്‌ ബ്ലേസര്‍ വെളിപ്പെടുത്തിയിരുന്നു. ഫിഫ ഒഫീഷ്യലുകളെ അമേരിക്കന്‍ അന്വേഷണ സംഘം പിടികൂടിയതിന്‌ പിറകെയായിരുന്നു ബ്ലേസറുടെ വെളിപ്പെടുത്തല്‍. ഇതിന്‌ പിന്നാലെ ഫിഫ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്റര്‍ രാജിവെക്കുകയും ചെയ്‌തു.

കുറ്റക്കാരെന്ന്‌ കണ്ടാല്‍ ഇവര്‍ക്ക്‌ 75 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം. അതേസമയം ജയില്‍ ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാനായി ബ്ലേസറെ മാപ്പു സാക്ഷിയാക്കാനും അന്വേഷണ സംഘം പദ്ധതിയിട്ടിരുന്നു.

കൈക്കൂലി വിഷയം ഉയര്‍ത്തി വന്നതിനാല്‍ 2022 ലെയും 2018 ലെയും ലോകകകപ്പ്‌ ഫുട്‌ബോള്‍ വേദികളില്‍ അനിശ്ചിതത്വം തുടരുകയാണ്‌. റഷ്യയിലും ഖത്തറിലുമായി നടക്കേണ്ടിയിരുന്ന ലോകകപ്പ്‌ മത്സരങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന്‌ തെളിയുകയാണെങ്കില്‍ പുതിയ വേദികള്‍ കണ്ടെത്തുമെന്ന്‌ ഫിഫ വ്യക്തമാക്കിയിട്ടുണ്ട്‌.