ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറല്‍ ഫാത്മ സമൂറ

Story dated:Saturday May 14th, 2016,01 09:pm

2096അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി ഐക്യരാഷ്ട്ര സഭാ നയതന്ത്ര പ്രതിനിധിയായ സെനഗലിന്റെ ഫാത്മ സമൂറയെ നിയമിച്ചു.  ഫിഫയെ അഴിമതി മുക്തമാക്കുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് സമൂറയുടെ നിയമനം. മെക്‌സിക്കോ സിറ്റിയില്‍ നടന്ന ഫിഫയുടെ വാര്‍ഷിക കോണ്‍ഗ്രസില്‍ ഫിഫ പ്രസിഡന്റ് ജിയോനി ഇന്‍ഫാന്റിനോയാണ് സമൂറയുടെ നിയമനം പ്രഖ്യാപിച്ചത്.

ഐക്യരാഷ്ട്ര സഭയില്‍ 21 വര്‍ഷത്തെ സേവനം അനുഷ്ഠിച്ചിട്ടുള്ള അമ്പത്തിനാലുകാരിയായ സമൂറ കാല്‍പ്പന്തു കളിയുടെ ലോകത്തിന് പുറത്തുനിന്നും ഈ സ്ഥാനത്ത് എത്തുന്ന വ്യക്തിയാണ്. നിലവില്‍ നൈജീരിയയില്‍ യുഎന്‍ ഡവലപ്‌മെന്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തിലാണ് സമൂറ. വരുന്ന ജൂണില്‍ സമൂറ പുതിയ ചുമതലയേല്‍ക്കും. ഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ 12 വര്‍ഷത്തെ വിലക്ക് നേരിടുന്നതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സമൂറയുടെ നിയമനം.

പുതിയ സ്ഥാനലബ്ധിയില്‍ അതിയായ സന്തോഷം ഉണ്ടെന്ന് സമൂറ പറഞ്ഞു. എന്നെ സംബന്ധിച്ച് വളരെ മനോഹരമായ ദിനമാണ് ഇന്ന്. ഫിഫയുടെ സെക്രട്ടറി ജനറലായി നിയമിച്ചത് വളരെ അഭിമാനകരമായാണ് ഞാന്‍ കാണുന്നത്. എന്റെ കഴിവും പരിചയവും ഈ സ്ഥാനത്തിന് വേണ്ടി വിനിയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമൂറ അഭിപ്രായപ്പെട്ടു.