ഫാറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷിക പ്രഖ്യാപനവുമായി ബജ്‌റംഗ്ദള്‍ നേതാവ്‌

ആഗ്ര: ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷിക പ്രഖ്യാപനവുമായി ബജ്‌റംഗ്ദള്‍ നേതാവാന്റെ പ്രസംഗം. ബജ്‌റംഗ് ദളിന്റെ ആഗ്രയിലെ നേതാവ് ഗോവിന്ദ് പരാശര്‍ ആണ് കൊലവിളി പ്രസംഗം നടത്തിയിരിക്കുന്നത്.

ജമ്മുകശ്മീരിലെ ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം ഫറൂഖ് അബ്ദുള്ള വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ തലയ്ക്ക് വിലയിട്ട് ബജ്‌റംഗ് ദള്‍ നേതാവിന്റെ പ്രസംഗം. കശ്മീരിലെ കലാപകാരികളെ അനുകൂലിച്ച അബ്ദുള്ള ദേശദ്രോഹിയാണെന്ന് പരാശര്‍അഭിപ്രായപ്പെട്ടു. ആഗ്രയിലെ ബജ്‌റംഗ് ദളിന്റെ ഗോ രക്ഷാ വിഭാഗം നേതാവാണ് പരാശര്‍.

ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ത്ഥി നാസിര്‍ അഹമ്മദ് ഖാനെ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ഫറൂഖ് അബ്ദുള്ള പരാജയപ്പെടുത്തിയത്. പിഡിപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും സമാനമായ ഭീഷണിയുമായി ഒരു യുവമോര്‍ച്ച നേതാവ് രംഗത്തെത്തിയിരുന്നു.