പ്ലസ്‌ വണ്‍ ഏകജാലകം : ട്രയല്‍ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ജൂണ്‍ എട്ടിന്‌

ഏകജാലകരീതിയിലുളള പ്ലസ്‌ വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ജൂണ്‍ എട്ടിന്‌ പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുളള ഓപ്‌ഷനുകളുമാണ്‌ അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുളളത്‌. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാനമ്പരും ജനനത്തീയതിയും നല്‍കി ട്രയല്‍ ലിസ്റ്റ്‌ പരിശോധിക്കാം. അപേക്ഷകര്‍ക്കുളള നിര്‍ദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ട്രയല്‍ ലിസ്റ്റ്‌ ജൂണ്‍ ഒന്‍പത്‌ വരെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിശോധിക്കാം. അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി ജൂണ്‍ രണ്ടു വരെ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്‌മെന്റിനുശേഷവും ഓപ്‌ഷനുകള്‍ ഉള്‍പ്പെടെയുളള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താവുന്നതാണ്‌. തിരുത്തലിനുളള അപേക്ഷകള്‍ ജൂണ്‍ ഒന്‍പതിന്‌ വൈകുന്നേരം അഞ്ച്‌ മണിക്ക്‌ മുമ്പ്‌ ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ്‌ റദ്ദാക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുളള അവസാന അവസരമാണിത്‌. ഇത്‌ സംബന്ധിച്ച്‌ പ്രിന്‍സിപ്പല്‍മാര്‍ക്കുളള വിശദ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ഇനിയും കൗണ്‍സലിങിന്‌ ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ജില്ലാതല കൗണ്‍സലിങ്‌ സമിതിക്ക്‌ മുന്നില്‍ ജൂണ്‍ 25 നകം പരിശോധനക്ക്‌ ഹാജരാക്കി റഫറന്‍സ്‌ നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം.