പ്രവാസിവോട്ടില്‍ നിയമഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വിദേശരാജ്യങ്ങളില്‍നിന്ന് വോട്ട് ചെയ്യാന്‍ സഹായകമായ രീതിയില്‍ ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ കഴിഞ്ഞദിവസം യോഗംചേര്‍ന്ന് ഈ വിഷയത്തില്‍ തീരുമാനമെടുത്തതായി അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ് കോടതിയെ അറിയിച്ചത്. നിയമഭേദഗതിയുടെ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് രണ്ടാഴ്ച   സമയം അനുവദിച്ചു.

പ്രവാസി വോട്ടിന്റെ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ സുപ്രീംകോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2014 മുതല്‍ ഈ വിഷയം കോടതിയുടെ പരിഗണനയിലുണ്ട്. ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും ഉടന്‍ ഭേദഗതി ചെയ്യാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ തടിതപ്പുകയാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂടി അംഗമായ ബെഞ്ച് അന്ന് കുറ്റപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്ന് വോട്ട് ചെയ്യാന്‍ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ മാത്രം മാറ്റിയാല്‍ പോരെന്നും നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും ഏജി ചൂണ്ടിക്കാണിച്ചു. രണ്ടരക്കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ- വോട്ടിലൂടെ സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ വി പി ഷംസീര്‍, പ്രവാസി ഭാരത് ചെയര്‍മാന്‍ നാഗേന്ദര്‍ ചിന്ദം എന്നിവരുടെ പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് കോടതി പരിഗണനയിലുള്ളത്. മുന്‍ അറ്റോണി ജനറല്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍റോഹ്തഗിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.