പ്രവാസി വോട്ട്‌: തീരുമാനമെടുക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു

electionദില്ലി: പ്രവാസി വോട്ട്‌ നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അധ്യക്ഷനായ പതിനൊന്നംഗ സമിതിയെയാണ്‌ നിയോഗിച്ചത്‌. സൈനികര്‍ക്കും അന്യസംസ്ഥാനത്ത്‌ കഴിയുന്നവര്‍ക്ക്‌ും വോട്ടവകാശം നല്‍കുന്ന കാര്യത്തിലും മന്ത്രിതല സമിതി കൈക്കൊള്ളുന്ന തീരുമാനം നിര്‍ണായകമാകും.

പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട്‌ 2014 മെയിലാണ്‌ പ്രവാസി വ്യവസായിയായ ഡോ.ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. തുടര്‍ന്ന്‌ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ ആവശ്യപ്പെട്ടു. പ്രോക്‌സി വോട്ടിംഗോ ഇ-വോട്ടിംഗോ ആണ്‌ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തത്‌. കേന്ദ്ര സര്‍ക്കാരും ഇതിനോട്‌ യോജിച്ചു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ്‌ മന്ത്രിതല സമിതിയെ നിയോഗിച്ചത്‌.

ഇതരസംസ്ഥാന തൊഴിലാളികളുടെ വോട്ടിംഗ്‌ സംബന്ധിച്ച കാര്യത്തിലും ഡോ.ഷംസീര്‍ കള്ളിവയലില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തിലും മന്ത്രിതല സമിതി തീരുമാനം കൈക്കൊള്ളുമെന്നാണ്‌ കരുതുന്നത്‌.

അങ്ങനെയെങ്കില്‍ മൂന്ന്‌ ഭേദഗതികളും ഒന്നിച്ച്‌ അവതരിപ്പിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ജനപ്രാതിനിധ്യ നിയമഭേദഗതി അവതരിപ്പിച്ചേക്കും.