പ്രവാസി വോട്ട്‌: ഓണ്‍ലൈനായി അപേക്ഷിക്കാം

മലപ്പുറം:പ്രവാസി വോട്ടര്‍മാര്‍ക്ക്‌ വോട്ട്‌ചെയ്യുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. 2015 ജനുവരി ഒന്നിന്‌ പതിനെട്ട്‌ വയസ്സ്‌ പൂര്‍ത്തിയായ പ്രവാസി മലയാളികളാണ്‌ അപേക്ഷിക്കേണ്ടത്‌. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പ്രദേശം ഉള്‍പ്പെടുന്ന നിയോജകമണ്‌ഡലത്തിലാണ്‌ വോട്ട്‌ ചെയ്യാനുള്ള അവസരം. ചീഫ്‌ ഇലക്‌ട്രല്‍ ഓഫീസറുടെ വെബ്‌സെറ്റായ ceo.kerala.gov.in ല്‍ ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്‌ട്രേഷനിലാണ്‌ അപേക്ഷിക്കേണ്ടത്‌. രജിസ്‌ട്രേഷനു ശേഷം അപേക്ഷ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയതും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വിസയുടെ വിശദാംശങ്ങള്‍ അടങ്ങിയ പേജും സഹിതം അതാത്‌ താലൂക്ക്‌ ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ അഡ്രസില്‍ അയയ്‌ക്കണം. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ലഭിച്ചാല്‍ മാത്രമേ ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്‌ത അപേക്ഷ പരിഗണിക്കുകയുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്‌തിട്ടില്ലെങ്കില്‍ ഫോട്ടോയും അപേക്ഷയുടെ പ്രിന്റ്‌ ഔട്ടിനോടപ്പം അയയ്‌ക്കണം.
ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്‌തതിനു ശേഷം പ്രിന്റ്‌ ഔട്ട്‌ നേരിട്ട്‌ സമര്‍പ്പിക്കുകയാണെങ്കില്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട്‌ ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക്‌ നല്‍കണം. വെരിഫിക്കേഷനു ശേഷം പാസ്‌പോര്‍ട്ട്‌ തിരികെ നല്‍കും. പ്രവാസി വോട്ടര്‍മാര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ വോട്ടര്‍ ഐഡന്‍ന്റിറ്റി കാര്‍ഡ്‌ ആവശ്യമില്ല. ഇവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായാണ്‌ വോട്ട്‌ ചെയ്യാനായി പോളിങ്‌ സ്റ്റേഷനില്‍ എത്തേണ്ടത്‌.