പ്രവാസികളുടെ പുനരധിവാസപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം: രമേശ് ചെിത്തല

പ്രവാസികളുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ നടന്ന ലോക കേരള സഭയുടെ ആദ്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുതല്‍ ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്് മടങ്ങി വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മടങ്ങി വരുന്നവരുടെ പുനരധിവാസം ഗൗരവത്തില്‍ കാണേണ്ടതുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയുന്നതായി അടുത്തകാലത്തുണ്ടായ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളില്‍ വന്ന കാര്‍ക്കശ്യം പ്രവാസിക്ക് ഭീഷണിയായിട്ടുണ്ട്. നിതാഖത്ത് പോലുള്ള സ്വദേശിവല്കരണ നിയമങ്ങള്‍ മലയാളിയുടെ സാദ്ധ്യകള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പെട്രോളിയം മാര്‍ക്കറ്റിലുണ്ടായ വിലയിടിവും പ്രവാസി മലയാളിയുടെ തൊഴില്‍ അവസരങ്ങളെ ബാധിച്ചിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഐഎസ് ഏറ്റെടുത്ത സാഹചര്യവും ചില ഗള്‍ഫ് രാജ്യങ്ങലുണ്ട്. ഇതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പ്രവാസികളും വിദേശ രാജ്യങ്ങളില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികളും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യമുണ്ട്. ഇതും നഴ്‌സിംഗ് മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. റിക്രൂട്ടിംഗ് രംഗത്ത് കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്.
ഇന്ത്യയില്‍ ജീവിക്കുന്ന അകം പ്രവാസികളുടെ പ്രശ്‌നങ്ങളും ഗൗരവത്തില്‍ കാണേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും അകം പ്രവാസികള്‍ക്ക് പ്രാദേശിക വാദത്തിന്റെ ഇരകളാകേണ്ടി വരുന്നുണ്ട്. ജോലിയില്‍ സുരക്ഷിതത്വമില്ലായ്മ പലതരത്തിലും പ്രവാസികള്‍ നേരിടുന്നുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളും അതീവ ഗൗരവം അര്‍ഹിക്കുന്നു. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന്് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കഴിയാത്ത പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്.
ക്വാസി ജുഡിഷ്യല്‍ സ്വഭാവമുള്ള പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ആഗോളരംഗത്തെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നില്‍ നില്‍ക്കാനും വെല്ലുവിളികളെ നേരിടാനും പ്രവാസി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.