പ്രവാസികളുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം

dsc_0449മലപ്പുറം : പ്രവാസികളുടെ പുനരധിവാസമടക്കമുള്ള ആവശ്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ ഇ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പാലോളി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇരുമ്പന്‍ സെയ്തലവി, ഫസലു റഹ്മാന്‍, സി ടി അബ്ദുള്ളക്കുട്ടി, ഇ.പി.എം. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വയം തൊഴില്‍കണ്ടെത്താന്‍ പലിശരഹിത വായ്പ അനുവദിക്കുക, സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തുക, വീട് വെക്കാന്‍ കുറഞ്ഞ പലിശയില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുക, സൗജന്യ ചികിത്സ സൗകര്യം അനുവദിക്കുക, കുറഞ്ഞ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയെങ്കിലും നല്‍കുക, ക്ഷേമ ബോര്‍ഡ് പുനസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും.