പ്രവര്‍ത്തകരുടെ എതിര്‍പ്പ്‌ മുലം പരപ്പനങ്ങാടിയില്‍ യൂത്ത്‌ലീഗ്‌ പരിസ്ഥിതിദിനാഘോഷ വേദിമാറ്റി

Story dated:Saturday June 6th, 2015,06 00:am
sameeksha

palathingal newsപരപ്പനങ്ങാടി: പരിസ്ഥിതിദിനത്തിന്റെ ഭാഗമായി യൂത്ത്‌ലീഗിന്റെയും എംഎസ്‌എഫിന്റെയും നേതൃത്വത്തില്‍ പാലത്തിങ്ങലില്‍ നടത്താനിരുന്ന വൃക്ഷതൈ നടീല്‍ പരിപാടി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ വേദി മാറ്റേണ്ടിവന്നു. ഇന്നു രാവിലെ എംഎസ്‌എഫിന്റെയും യൂത്ത്‌ ലീഗിന്റെയും മണ്ഡലം പഞ്ചായത്ത്‌ നേതാക്കളടങ്ങിയ സംഘം വൃക്ഷതൈ നടാനായി പാലത്തിങ്ങല്‍ കീരനെല്ലൂര്‍ ന്യൂക്കട്ട്‌ ഭഗത്തെത്തിയപ്പോഴാണ്‌ വിമതപക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയത്‌.

പാലത്തിങ്ങല്‍ സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട്‌ ഈ മേഖലയിലെ പ്രാദേശിക യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ കുറച്ചുനാളുകളായി നേതൃത്വത്തോട്‌ ഇടഞ്ഞുനില്‍ക്കുകയാണ്‌. ഇന്ന്‌ രാവിലെ പാലത്തിങ്ങലെ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരായ ടിവി അനീസ്‌, കമ്രാന്‍ ഇ കെ എന്നിവരുടെ നേതൃത്വത്തിലാണ്‌ നേതാക്കളെ തടഞ്ഞത്‌. നേരത്തെ ഇതെ വിഷയത്തില്‍ യൂത്ത്‌ലീഗ്‌ പഞ്ചായത്ത്‌ സമ്മേളനത്തിന്റെ പ്രചരണവാഹനം പാലത്തിങ്ങലില്‍ വെച്ച്‌ ഈ വിഭാഗം തടഞ്ഞ്‌ തിരികെ അയച്ചിരുന്നു. മുസ്ലിംലീഗിന്റെ നേതൃത്വം ഇടപെട്ട്‌ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല.

 പരിപാടി പിന്നീട്‌ പരപ്പനങ്ങാടി ടോള്‍ബൂത്ത്‌ പരിസരത്ത്‌ മുസ്ലീം ലീഗ്‌ നേതാവ്‌ കെകെ നഹ വൃക്ഷത്തൈ നട്ടുകൊണ്ട്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു ചടങ്ങില്‍ പഞ്ചായത്തംഗം പിഒ നയീം, അലി അക്‌ബര്‍ എന്നിവര്‍ പങ്കെടുത്തു.

പരപ്പനങ്ങാടി പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ പാലത്തിങ്ങലില്‍ വിമതശബ്ദമുയര്‍ന്നത്‌ നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്‌.