പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ആദ്യം ഖത്തര്‍ സന്ദര്‍ശിക്കും

ദോഹ:പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ ആദ്യവാരത്തില്‍ ഖത്തര്‍ സന്ദര്‍ശനം നടത്തുമെന്ന്‌ റിപ്പോര്‍ട്ട്‌. അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ പോകുന്ന വഴിയായിരിക്കും മോദി ഖത്തറില്‍ സന്ദര്‍ശനം നടത്തുകയെന്നാണ്‌ സൂചന. ജൂണ്‍ നാലു മുതല്‍ ആറുവരെയാണ്‌ സന്ദര്‍ശനം.

പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഊര്‍ജ മേഖലയിലെ വിവിധ കരാറുകളെ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചചെയ്യാണ്‌ മോദിയുടെ സന്ദര്‍ശനം. ദുബൈ, അമേരിക്ക, ചൈന തുടങ്ങിയ രാഷ്ട്രങ്ങളിലെ സന്ദര്‍ശന വേളകളില്‍ നടത്തിയതുപോലെ ദോഹയിലെ പ്രമുഖ സ്റ്റേഡിയത്തില്‍ പ്രവാസി സമൂഹത്തെ അദേഹം അഭിസംബോധന ചെയ്യും.

സന്ദര്‍ശന തിയ്യതിയും മറ്റ്‌ വിശദാംശങ്ങളും ഔദ്യോഗിക വക്താക്കള്‍ പിന്നീട്‌ അറിയിക്കുമെന്നാണ്‌ അംബാസിഡര്‍ സഞ്‌ജീവ്‌ അറോറ അറിയിച്ചിട്ടുളളത്‌. എട്ട്‌ വര്‍ഷം മുമ്പ്‌ 2008 നവംബറില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗാണ്‌ ഇതിന്‌ മുമ്പ്‌ ഖത്തര്‍ സന്ദര്‍ശിച്ചത്‌.