പ്രധാനമന്ത്രി ഇന്ന് ഹൈദരബാദ് സന്ദര്‍ശിക്കും

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ന് ഹൈദരബാദ് സന്ദര്‍ശിക്കും. സ്‌ഫോടന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും.

ഹൈദരബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഹൈദരബാദ് ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിയും പ്രധാനമന്ത്രി വിലയിരുത്തും.

രാജ്യത്ത് വീണ്ടും ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ദില്‍സുഖ് നഗറിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 16 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.