പ്രതിഭാ സ്പര്‍ശമുള്ള തൂലിക ഇനി ഓര്‍മ്മകളില്‍… എ.എം.ബാവ സാഹിബിന് ആദരാജ്ഞലികള്‍

താനൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന സമിതി അംഗവുമായിരുന്ന കാരാട് സ്വദേശി എ.എം.കുഞ്ഞിബാവ കഴിഞ്ഞ ദിവസമാണ് ശ്വാസതടസ്സം മൂലം നിര്യാതനായത്.

താനൂരിന്റെ ചരിത്രകാരന്‍ കൂടിയായിരുന്ന ബാവ സാഹിബ് ഒട്ടനവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസും താനൂരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതിപാതിക്കുന്ന ‘വെളിച്ചം വിതറുന്ന വഴിവിളക്കുകള്‍’ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 1958 മുതല്‍ 70 വരെ ചന്ദ്രിക പത്രാധിപസമിതി അംഗമായിരുന്നു. മുസ്ലീം സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഖത്തര്‍ കെ.എം.സി.സി, റഹീം മേച്ചേരി സ്മാരക പുരസ്‌കാരം തുടങ്ങി ഒട്ടനവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. പൊതുരംഗത്തെ പ്രമുഖരായ സീതി സാഹിബ്, സി.എച്ച്.മുഹമ്മദ് കോയ, യു.എ.ബീരാന്‍, ബാഫഖി തങ്ങള്‍ എന്നിവര്‍ അടുത്ത സ്‌നേഹിതരായിരുന്നു.
ഇന്നലെ വൈകുന്നേരം 3 മണിയോടെ നടക്കാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറ ടക്കി. ഭാര്യ ഖദീജാബീവി മക്കള്‍ ഹുസൈന്‍, നാസര്‍, മുനീര്‍, റസിയ, റംല.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ മന്ത്രി. കുട്ടി അഹമ്മദ് കുട്ടി, പി.എം.എ. സലാം, യു.കെ.ഭാസി, ഇ.ജയന്‍, സി.കെ.താനൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. യു.കെ.ദാമോദരന്‍, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, ഇ.ഗോവിന്ദന്‍, ഒ.രാജന്‍, കെ.പി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
താനൂര്‍ പ്രസ്സ് ഫോറം സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഉബൈദുള്ള താനാളൂര്‍, പി.പ്രേമനാഥന്‍, ഇബ്രാഹിം, ശശികുമാര്‍, ശിഹാബ് അമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. താനൂര്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പി.ടി.ഇല്ല്യാസ്, ഉണ്ണി കെ.താനൂര്‍, സത്താര്‍ അമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.