പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷബഹളത്തെ തുടര്‍ന്ന്‌ നിയമസഭ ഇന്നും പിരിഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ്‌ പരിഗണിക്കാനാകില്ലെന്ന്‌ സ്‌പീക്കര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്‌. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുമേലുള്ള നന്ദി പ്രമേയം അവതരിപ്പിച്ചു. ഇന്ന്‌ അവതരിപ്പിക്കേണ്ട സബ്‌മിഷനുകള്‍ റദ്ദാക്കി.

മന്ത്രി കെ ബാബുവിനെതിരെ ബാര്‍ കോഴക്കേസ്‌ അട്ടിമറിച്ചുവെന്ന്‌ ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്‌. സോളാര്‍ ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുളള പ്ലക്കാര്‍ഡുകളുമായാണ്‌ പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്‌.

ബാര്‍ കോഴക്കേസ്‌ അട്ടിമറിയെക്കുറിച്ച്‌ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ സ്‌പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ്‌ ആയതിനാല്‍ നിയമസഭയില്‍ ചര്‍ച്ച നടത്താന്‍ ചട്ടം അനുവദിക്കുന്നില്ല. തുടര്‍ന്ന്‌ പ്രതിപക്ഷ അംഗങ്ങള്‌ സ്‌പീക്കറുടെ ഡയസിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നാണ്‌ സ്‌പീക്കര്‍ സഭ ഇന്നത്തേക്ക്‌ നിര്‍ത്തിയത്‌.