‘പ്രണയ’മൊരസുലഭമാം നിര്‍വൃതി

കാമുകീ കാമുകര്‍ക്കിടയിലും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലും മാത്രമല്ല സൗഹൃദങ്ങളിലും രക്ത ബന്ധങ്ങളിലും പ്രണയത്തിന്റെ അംശങ്ങളുണ്ട് അതിന്റെതായ ഏറ്റക്കുറച്ചിലോടെ,ചില പ്രത്യേക മാനദണ്ഠങ്ങള്‍ നല്‍കി നിര്‍വ്വചിക്കന്‍ സാധ്യമല്ലെന്നു മാത്രം.

പ്രണയത്തിന്റെ വാര്‍ധക്യത്തിലെ സാധ്യതകളെ മൂന്നു കഥാപാത്രങ്ങളുടെ നിസ്വാര്‍ത്ഥമായ സൗഹൃദത്തിലൂടെ വരച്ചു കാട്ടുന്നതാണ്ബ്ലസ്സിതിരക്കഥ നല്‍കി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രം.ശാരദക്കുട്ടി പ്രണയത്തെക്കുറിച്ച് പറഞ്ഞതുപോലെ പലരിലും വ്യത്യസ്തമായി അനുഭൂതമാകുന്ന ഒരവസ്ഥാവിശേഷമാണ്യുബ്ലസ്സിടെ ‘പ്രണയ’വും.

തിയേറ്റര്‍ സ്‌ക്രീന്ില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഏറ്റവും മോശമായി കമന്റടിക്കുകയും വിസിലടിക്കുകയും ചെയ്യുന്ന പ്രേക്ഷകനില്‍ ഒരു ചലച്ചിത്രത്തിന് എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കും എന്നുളളതിനുളള തെളിവു കൂടിയാണീ സിനിമ. വിസിലടിക്കാരുടെയും കമന്റടിക്കാരുടെയും വേഷത്തില്‍ നിന്ന് പ്രേക്ഷകര്‍ തങ്ങളെ വീണ്ടെടുക്കന്നതും അവരുടെ കണ്ണുകള്‍ ഈറനണിയുന്നതുമാണ് സിനിമയുടെ ഒടുവില്‍ തിയ്യേറ്റര്‍ നല്‍കുന്ന ചിത്രം. 2 മണിക്കൂര്‍ ദൈര്‍ഘ്യത്തെ കാഴ്ച്ചകള്‍ക്ക് ഒരാള്‍ക്കൂട്ടത്തെ ഇത്രമാത്രം സ്വാധീനിക്കാനാകമോ എന്ന് നമ്മള്‍ അത്ഭുതം കൂറിയേക്കാം. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ചിന്താധാരകളെ മാറ്റാനുള്ളതല്ല സിനിമയെന്ന് പറയുന്നവര്‍ക്കൊരപവാദം കൂടിയാണ് ‘പ്രണയം’.
തേഞ്ഞുതീര്‍ന്ന വഴികളിലൂടെയല്ല ചിത്രത്തിന്റെ യാത്രയെന്നുളളതുകൊണ്ടു തന്നെ നായകനാരെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രണയത്തിനാവില്ല.
അനുപംഖേര്‍ അവതരിപ്പിച്ച അച്ചുതമേനോനേയും ജയപ്രദയുടെ ഗ്രേസ് എന്ന കഥാപാത്രത്തെയും മേഹന്‍ലാല്‍ ്അവതരിപ്പിച്ച മാത്യൂസിനെയും ചുറ്റിപ്പറ്റി കേന്ദ്രകഥാപാത്രമേതെന്ന ചോദ്യവുമായുള്ള പ്രേക്ഷകന്റെ സഞ്ചാരം ചിത്രത്തിന്റെ അവസാനം വരെയുണ്ടാകും. ഇതിലേതു കഥാപാത്രവുമായാണോ അവര്‍ താദാത്മ്യം പ്രാപിക്കുന്നത്് അയാളായിരിക്കും അവരെ സംബധിച്ച് കേന്ദ്ര കഥാപാത്രം
സിനിമയുടെ ആദ്യ 15 മിനുട്ടില്‍ അനുപംഖേറിന്റെ ചുണ്ടുകളുടെ ചലനവും റിസബാവയുടെ ഡബ്ബിംഗും ഒത്തുപോകാത്തത് ഒരു കല്ലുകടിയായി അനുഭവപ്പെടുന്നുണ്ട്.ഡബ്ബിംഗിലെ ഈ അശ്രദ്ധ അനുപംഖേറിനെ അച്ചുതമേനോനെന്ന മലയാളിയായി സ്വീകരിക്കാന്‍ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും 2 മണിക്കൂര്‍ നേരത്തെ പ്രണയാനുഭവത്തിന് യാതൊരു പോറലുമേല്‍പ്പിക്കാതെയാണ് ചിത്രം കടന്നു പോകുന്നത്്.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ ജീവിിതത്തില്‍ വഴി പിരിഞ്ഞുപോയ ഗ്രേസും അച്ചുതമേനോനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ ഫഌറ്റില്‍ എത്തിപ്പെടുകയാണ്.വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഇവര്‍ക്കിടയിലെ തടസ്സമായി ഗ്രേസിന്റെ ഭര്‍ത്താവായ മാത്യൂസ്(മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം) എന്ന് പ്രേക്ഷകന്‍ ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകും. എന്നാല്‍ ഏവരെയും വിസ്മയിപ്പിച്ച് കൊണ്ട് അപൂര്‍വ്വമായ സൗഹൃദം ഇവര്‍ മൂന്നു പേര്‍ക്കിടയില്‍ ഉടലെടുക്കുന്നതാണ് ചിത്രത്തിന്റെ സൗന്ദര്യം. മലയാളത്തിലെ മുഖ്യധാരാ സിനിമകള്‍ ഇന്നേവരെ ചര്‍ച്ചചെയ്യാത്ത പ്രണയം തുളുമ്പുന്ന ദൃഢതയുള്ള സൗഹൃദം; അതാണ് ‘പ്രണയം’.അതില്‍ വിരഹമുണ്ട്,ത്യാഗമുണ്ട്,വിട്ടുകൊടുക്കലുണ്ട്.പങ്കുവെയ്ക്കലുണ്ട് അച്യുതമേനോന് തന്റെ പ്രണയം കാത്തിരിപ്പായിരുന്നു. അറിയാതെ കൈവിട്ടുപോയ പ്രണയിനിക്കുവേണ്ടിയുള്ള ഡിമാന്റുകളില്ലാത്ത കാത്തിരിപ്പ്. മാത്യൂസിന് തന്റെ പ്രണയം സമര്‍പ്പണമായിരുന്നു. തന്റെ പ്രണയിനിയില്‍ പൂര്‍ണമായ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് തന്റെ പരിമിതിക്കുള്ളിലും അവളെ പ്രണയിച്ചുകൊണ്ടുള്ള സമര്‍പ്പണം. ഒരു പുരുഷന് തന്റെ സ്ത്രീയെ ഇത്രമാത്രം മനസിലാക്കാന്‍ സാധിക്കുമോ എന്ന് മാത്യൂസിനെ മുന്‍നിര്‍ത്തി പ്രേക്ഷകന്‍ ഒരുവേള സ്വയം വിലയിരുത്തിയേക്കാം. ചിത്രത്തില്‍ ഏറ്റവുമധികം മാനസിക സംഘര്‍ഷമനുഭവിച്ച കഥാപാത്രമാണ് ഗ്രേസ്. സ്‌നേഹിക്കാന്‍ ഭര്‍ത്താവായ അച്ചുവും ഒരു മകനുമുണ്ടായിരിക്കേ മറ്റൊരാളുടെ ജീവിത സഖിയാവേണ്ട ദുര്‍വിധിയിലും ആത്മഹത്യ ചെയ്യാതെ അവര്‍ ജീവിതം കെട്ടിപ്പടുക്കുന്നുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷമുള്ള അച്ചുവിന്റെയും ഗ്രേസിന്റെയും കണ്ടുമുട്ടല്‍ വല്ലാത്തൊരു മാനസീകാവസ്ഥയിലാണ് അവളെയാഴ്ത്തുന്നത്. അടുത്ത കാലത്തായി വെള്ളിത്തിരയില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും മികച്ച സ്ത്രീകഥാപാത്രമാണ് ജയപ്രദ അവതരിപ്പിച്ച ഗ്രേസ്. ത്യാഗവും സമര്‍പ്പണവും വിട്ടുകൊടുക്കലും സ്വയം പരിമിതപ്പെടുത്തലും എല്ലാം ഉള്‍ക്കൊണ്ടുള്ള നിലപാടുകളുള്ള സ്ത്രീകഥാപാത്രം.
‘ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും തമ്മിലുള്ള സൗഹൃദത്തില്‍ ലൈംഗീകത മാത്രമേ നിങ്ങള്‍ക്കു കാണാന്‍ കഴിയു’ എന്ന് ഗ്രേസ് തന്റെ മകളോട് പൊട്ടിത്തറിക്കുന്ന സന്ദര്‍ഭത്തിലെ ഡയലോഗ് ആ സൗഹൃദത്തെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ പ്രേക്ഷകരെ സഹായിക്കുന്നു.
കവിത തുളുമ്പുന്ന ദൃശ്യങ്ങളും അതിനെ സ്പര്‍ശിക്കുന്ന സന്ദര്‍ഭത്തിനൊത്ത സംഭാഷണ ശകലങ്ങളും സിനിമയുടെ ആകര്‍ഷക ഘടകങ്ങളിലൊന്നാണ്. വാര്‍ധക്യത്തിലെ നൊമ്പരങ്ങളിലൂടെയും ഒറ്റപ്പെടലിലൂടെയും കടന്നുപോകുന്ന ഈ മൂന്നു കഥാപാത്രങ്ങളെ സംബന്ധിച്ച് പൂവിരിയുന്നതും പൂമ്പാറ്റ പറക്കുന്നതും തങ്ങളെ സന്തോഷിപ്പിക്കുന്ന ദൃശ്യങ്ങളാണ്. യുവ പ്രേക്ഷകര്‍ക്ക് ഇത്തരം ഫ്രെയിമുകള്‍ ഒരു ഘട്ടത്തില്‍ സിനിമ ഇഴഞ്ഞുനീങ്ങുന്നതായി അനുഭവപ്പെടാനുള്ള സാധ്യതകളാകുന്നുണ്ട്. എങ്കിലും സംവിധായകന്‍ ബ്ലെസ്സിക്ക് യാതൊരു വിധ പരിഭ്രമങ്ങളുമില്ല. പ്രേക്ഷകനെ തൃപ്തിപ്പെടുത്തലോ അവന്റെ ഭാവനയ്ക്കനുസരിച്ച് സിനിമയെ രൂപീകരിക്കുകയോ ചെയ്യുന്നതല്ല സംവിധായകന്റെ ധര്‍മമെന്നാണ് ബ്ലെസ്സിയുടെ മറുപടി. ” തീയേറ്റര്‍ നിറഞ്ഞുകവിയുന്ന ആള്‍ക്കൂട്ടങ്ങളെ ഞാന്‍ സ്വപ്‌നം കാണാറില്ല. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമയെടുക്കുന്ന ഫിലിം മേക്കറിന് പ്രേക്ഷകന്റെ ചിന്താധാരയിലൂടെ മാത്രം സഞ്ചരിക്കേണ്ടിവരും. ഞാനതാഗ്രഹിക്കുന്നില്ല.” ബ്ലെസ്സി പറയുന്നു.
”പൊതുവേ സിനിമകളില്‍ ഒരു സ്ത്രീയുടെയും പുരുഷന്റേയും ഇടയ്ക്ക് മൂന്നാമതൊരുവന്‍ കടന്നുവരുന്നത് വില്ലനായിട്ടായിരിക്കും. അയാള്‍ വില്ലനല്ലെങ്കില്‍ സ്വഭാവ ദൂഷ്യം ആരോപിച്ച് സ്ത്രീയെ വില്ലത്തിയാക്കാനായിരിക്കും അയാളുടെ വരവ്. ഈ വഴി പരീക്ഷിക്കാതെ പ്രണയത്തിന് വിശാലാടിസ്ഥാനത്തില്‍ കഥയെഴുതിയത് എല്ലാ റിസ്‌കും മുന്നില്‍ കണ്ടുകൊണ്ടുതന്നെയെന്നാണ് ബ്ലെസ്സിയുടെ നിലപാട്.
ഗ്രേസിന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ നിവേദിതയിലെത്തിയത് ആയിരക്കണക്കിന് കുട്ടികളെ കണ്ടതിനു ശേഷമെന്ന് ബ്ലെസ്സി പറയുന്നത് അതിശയോക്തിയല്ല. ആര്യന്റെ പല്ലുകള്‍ക്ക് വരെ മിനുക്കുപണികള്‍ നടത്തിയത് അനുപം ഖേറും ആര്യനും തമ്മിലുള്ള സാമ്യതയെ കൂടുതല്‍ ബലപ്പെടുത്താനാണ്.
പെര്‍ഫെക്ഷനിസം ആവശ്യപ്പെടുന്ന ബ്ലെസ്സിയെന്ന സംവിധായക പ്രതിഭയുടെ ഇത്തരം തീരുമാനങ്ങള്‍ സിനിമയുടെ പല ഫ്രെയിമുകളെയും സമ്പന്നമാക്കുന്നുണ്ട്. കണ്ണാടിയിലെ നിവേദിതയുടെ പ്രതിബിംബത്തിന്റെ ജയപ്രദയിലേക്കുള്ള രൂപമാറ്റം കാണിക്കുന്ന സീന്‍ ഇതെല്ലാം കൊണ്ടുതന്നെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാകുന്നു.
താരഭാരമില്ലാതെയുള്ള മോഹന്‍ലാലിന്റെ അഭിനയം സിനിമയ്ക്ക് പരിപൂര്‍ണത നല്കി. ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തെ കണ്ടുമുട്ടാന്‍ സാധിക്കില്ലെന്നുള്ളത് ലാല്‍ ഫാന്‍സിനെപ്പോലും ദുഖിപ്പിക്കില്ല എന്നുള്ളതാണ് സത്യം. ” കൈ കാലുകളുടെ ചലനമില്ലാതെ കണ്ണും ചുണ്ടും മാത്രമുപയോഗിച്ച് അഭിനയിക്കാന്‍ അപൂര്‍വപ്രതിഭകള്‍ക്കുമാത്രമേ സാധിക്കൂ’വെന്ന് ബ്ലെസ്സി പറയുന്നു.
കുറഞ്ഞതെങ്കിലും മികച്ച സംഭാഷണങ്ങളോടെയുള്ള ശക്തമായ സാമീപ്യമായിരുന്നു അനൂപ് മേനോന്റെ കാഥാപാത്രം. ചിത്രത്തിന് ഒരു പ്രത്യേക കഥാപാത്രത്തിന്റെ അധികഭാരമില്ലാത്തതുകൊണ്ട്തന്നെ ഫ്രെയിമില്‍ കടന്നുപോയവരെല്ലാം തങ്ങളുടെ ശക്തമായ സമീപ്യം അറിയിച്ചു. ഗ്രേസിന്റെ മകളായഭിനയിച്ച ധന്യാമേരി വര്‍ഗ്ഗീസും മരുമകളായെത്തിയ നവ്യാ നടരാജനും അമിതാഭിനയമില്ലാതെ സിനിമയെ സപ്പോര്‍ട്ട് ചെയ്തു.
പഴയ പ്രണയമാണ് മഹത്തരമായ പ്രണയമെന്ന യാതൊരു സ്ഥാപിക്കലും സിനിമ മുന്നോട്ട് വെയ്ക്കുന്നില്ല. സൗഹൃദമെന്ന നാട്യത്തിലുള്ള കൊച്ചുമകളുടെ പ്രണയവും വൃദ്ധനായ അച്യുത മേനോന്റെ പ്രണയവും തമ്മില്‍ തൂക്കവ്യത്യാസമുണ്ടെന്ന ഏറ്റുപറച്ചിലും സിനിമയില്‍ ഇല്ല. പ്രണയത്തെ വിശാലാടിസ്ഥാനത്തില്‍ ബ്ലെസ്സി സമീപിച്ചതിനുള്ള മികച്ച ഉദാഹരണമാണിത്.
നായക വില്ലന്‍ സങ്കല്‍പ്പങ്ങളെയും ചട്ടക്കൂടിലൊതുക്കിയുള്ള ബന്ധങ്ങളെയും ഇതുവരെയുള്ള സിനിമകളില്‍ കണ്ടുശീലിച്ച മലയാളികളെ സംബന്ധിച്ച് പ്രണയം അതുകൊണ്ടുതന്നെ ഒരു നവ്യാനുഭവമായിരുന്നു.