പോസ്‌കോ കോടതി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ച പീഡനക്കേസ് പ്രതി ജഡ്ജിയെ ചെരുപ്പ് കൊണ്ടെറിഞ്ഞു

കല്‍പ്പറ്റ : പീഡനക്കേസിലെ പ്രതി ജഡ്ജിയെ ചെരുപ്പ്‌കൊണ്ടെറിഞ്ഞു. കല്‍പ്പറ്റ കോടതിയിലാണ് സംഭവം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസ് കൈകാര്യം ചെയ്യുന്ന കല്‍പ്പറ്റ പോക്സോ കോടതി ജഡ്ജി പഞ്ചാപകേശനെയാണ് പോക്സോ കേസ്സിലെ പ്രതി മേപ്പാടി സ്വദേശി അറുമുഖന്‍(56) തന്റെ ഷൂ ഊരിയെറിഞ്ഞത്.

വെള്ളിയാഴ്ച പകല്‍ 12ഓടെയാണ് സംഭവം. നെഞ്ചത്ത് ഏറുകൊണ്ട ജഡ്ജിയെ കല്‍പ്പറ്റ ഗവ. ആശുപത്രിയില വൈദ്യപരിശോധനക്ക വിധേയനാക്കി. 12 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവിനും രണ്ടുലക്ഷം രൂപ പിഴയും ഇയാള്‍ക്കെതിരെ വിധിച്ചത്. വിധി കേട്ടതോടെ പ്രകോപിതാനായ പ്രതി കാലില്‍ നിന്നും ഷൂ ഊരി ജഡ്ജിന് നേരെ എറിയുകയായിരുന്നു.

2014 ലാണ് മേപ്പാടി കടച്ചിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ തൊഴുത്തുകെട്ടുന്നതിനായി ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ തൊട്ടടുത്ത കാപ്പിതോട്ടത്തില്‍ കൊണ്ടുപോയി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. കൂടാതെ പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ പാല്‍ നല്‍കുന്ന സന്ദര്‍ഭങ്ങളിലും പീഡനം നടന്നതായാണ് പ്രൊസിക്യൂഷന്‍ കേസ്.