പോളിങ്‌ ജോലിക്ക്‌ 12,914 ഉദ്യോഗസ്ഥര്‍ക്ക്‌ നിയമനം

മലപ്പുറം: പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 2361 ബൂത്തുകളില്‍ ജോലി ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടത്‌ മൊത്തം 12,914 പോളിങ്‌ ഉദ്യോഗസ്ഥര്‍. ഒരു പോളിങ്‌ സ്റ്റേഷനില്‍ ഒരു പ്രിസൈഡിങ്‌ ഓഫീസറും കുറഞ്ഞത്‌ മൂന്ന്‌ പോളിങ്‌ ഓഫീസര്‍മാരും ഉള്‍പ്പെടെ മൊത്തം നാല്‌ ഉദ്യോഗസ്ഥരാണുണ്ടാകുക. ഇതുപ്രകാരം 2361 പ്രിസൈഡിങ്‌ ഓഫീസര്‍മാരും 8641 പോളിങ്‌ ഉദ്യോഗസ്ഥരും അടക്കം ആകെ 11,002 പേരെയാണ്‌ തെരഞ്ഞെടുപ്പ്‌ ജോലിക്കു വേണ്ടത്‌. അത്യാവശ്യഘട്ടങ്ങളില്‍ പകരം ആളെ ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതിനായി 1912 പേരെ റിസര്‍വ്‌ വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്‌. ഇവര്‍ ഉള്‍പ്പെടെയാണ്‌ മൊത്തം 12,914 ഉദ്യോഗസ്ഥര്‍ക്ക്‌ രണ്ടാംഘട്ടത്തില്‍ നിയമന ഉത്തരവ്‌ നല്‍കിയത്‌.
റിസര്‍വ്‌ വിഭാഗത്തില്‍ 1108 പേര്‍ ഉള്‍പ്പെടെ 2754 പോളിങ്‌ ഉദ്യോഗസ്ഥര്‍ വനിതകളാണ്‌. ഇവരില്‍ റിസര്‍വ്‌ ഉള്‍പ്പെടെ 218 പേര്‍ പ്രിസൈഡിങ്‌ ഓഫീസര്‍മാരും 2536 പോളിങ്‌ ഓഫീസര്‍മാരുമാണ്‌. പൊന്നാനി ഒഴികെ ജില്ലയിലെ 15 നിയോജക മണ്‌ഡലത്തില്‍ ഓരോ ബൂത്തില്‍ വീതം എല്ലാ പോളിങ്‌ ഉദ്യോഗസ്ഥരും വനിതകളായിരിക്കും. പൊന്നാനിയില്‍ വനിതാ വോട്ടര്‍മാര്‍ മാത്രമുള്ള 12 ബൂത്തുകളുണ്ട്‌. അവിടങ്ങളില്‍ രണ്ട്‌ പോളിങ്‌ ഉദ്യോഗസ്ഥര്‍ വീതം വനിതകളായിരിക്കും.
നിയമന ഉത്തരവ്‌ ലഭിച്ച പോളിങ്‌ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി മെയ്‌ 12ന്‌ സമാപിക്കും. മെയ്‌ 10 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ രണ്ട്‌ ഷിഫ്‌റ്റുകളിലായാണ്‌ പരിശീലന പരിപാടി നടന്നു വരുന്നത്‌. പോളിങ്‌ ബൂത്തുകളുടെ ഏകോപനത്തിനായി 235 സെക്‌ടര്‍ ഓഫീസര്‍മാരെയും ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്‌.