പോലീസ് നിഷ്‌ക്രിയം; താനാളൂരില്‍ അക്രമം വ്യാപിക്കുന്നു

താനൂര്‍: താനാളൂരില്‍ അക്രമം തുടരുന്നു. സി പി എം താനാളൂര്‍ ലോക്കല്‍ സെക്രട്ടറിയുടെ ബൈക്ക് അഗ്നിക്കിരയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം താനാളൂരില്‍ ഹര്‍ത്താല്‍ നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സി പി എം താനാളൂര്‍ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ വി അബ്ദുല്‍ റസാഖിന്റെ ബൈക്കിന് തീവെച്ചത്. വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ശബ്ദം കേട്ടുണര്‍ന്ന അയല്‍ക്കാരാണ് സംഭവം ആദ്യം അറിഞ്ഞത്. ഇതേതുടര്‍ന്ന് താനാളൂരില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം നല്‍കി. പ്രതിഷേധ പ്രകടനം നടത്തിയ സി പി എം പ്രവര്‍ത്തകര്‍ അരമണിക്കൂറോളം റോഡ് ഉപരോധവും നടത്തി. താനാളൂരില്‍ ഒരാഴ്ചയായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് ബൈക്ക് കത്തിച്ച സംഭവം.

 
കഴിഞ്ഞ ദിവസം സി പി എമ്മിന്റെ പ്രചാരണ ബോര്‍ഡുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ സി പി എം പ്രവര്‍ത്തകന്റെ ഓട്ടോ റിക്ഷയും തകര്‍ക്കപ്പെട്ടു. ഒരാഴ്ച മുമ്പും സമാനമായ അക്രമസംഭവങ്ങള്‍ പകല്‍സമയങ്ങളിലും അരങ്ങേറിയിരുന്നു. പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം.

റോഡ് ഉപരോധ സമരം സി പി എം ഏരിയാ സെക്രട്ടറി ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. കെ ടി എസ് ബാബു അധ്യക്ഷത വഹിച്ചു. ഇ ഗോവിന്ദന്‍, പി അബ്ദുല്‍ സമദ് പ്രസംഗിച്ചു. മുസ്‌ലിം ലീഗിന്റെ അക്രമത്തിന് പോലീസ് ഒത്താശ ചെയ്യുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.