പോലീസ്‌ കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവം: ബിജെപി എംഎല്‍എ അറസ്റ്റില്‍

HORSELEGഡെറാഡൂണ്‍: ഉത്തരാഖണ്ഡ്‌ പോലീസ്‌ സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ ഗണേഷ്‌ ജോഷിയെ പോലീസ്‌ അറസ്‌്‌റ്റ്‌ ചെയതു. ഡെറാഡൂണില്‍വെച്ച്‌ ഇന്ന്‌ രാവിലെയാണ്‌ ഇദേഹത്തെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പാര്‍ട്ടി മാര്‍ച്ചിനിടെ കുതിരയുടെ കാല്‌ തല്ലിയൊടിച്ചു എന്ന ആരോപണത്തില്‍ ബിജെപി പ്രവര്‍ത്തകനായ പ്രമോദ്‌ മോറ എന്നയാളെ ഉത്തരാഖണ്ഡ്‌ പോലീസ്‌ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

എംഎല്‍എ ഗണേഷ്‌ ജോഷിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഉത്തരാഖണ്ഡ്‌ ഡിജിപിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ്‌ എംഎല്‍എയെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ തീരുമാനമെടുത്തത്‌. ഗുരുതരമായി പരിക്കേറ്റ കുതിരയുടെ കാല്‍ ഇന്നലെ മുറിച്ചുമാറ്റിയിരുന്നു. കാലില്‍ മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രിയ നടത്തിയിട്ടും വിജിയിക്കാന്‍ കഴിയാതായതോടെയാണ്‌ കുതിരയുടെ ജീവന്‍ രക്ഷിക്കാനായി കാല്‍ മുറിച്ചുമാറ്റിയതെന്ന്‌ മൃഗഡോക്ടര്‍മാര്‍ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ്‌ പോലീസ്‌ കുതിരയായ ശക്തിമാന്റെ കാല്‍ ഡെറാഡൂണ്‍ എംഎല്‍എ ഗണേഷ്‌ ജോഷി തല്ലിയൊടിച്ചത്‌. ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എംഎല്‍എയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു.

എന്നാല്‍ താന്‍ കുതിരയെ ആക്രമിച്ചിട്ടില്ലെന്നും സംഭവമറിഞ്ഞാണ്‌ താനുള്‍പ്പെടെയുള്ളവര്‍ അവിടെ എത്തിയതായിരുന്നെന്നുമാണ്‌ ജോഷി പറയുന്നത്‌.

കുതിരയെ പരിപാലിക്കാനായി വന്‍ സംഘം തന്നെ സ്ഥലത്തുണ്ട്‌.