പൊതുതെരഞ്ഞെടുപ്പ്‌: പരസ്യ പ്രചാരണം ശനിയാഴ്‌ച അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം മെയ്‌ 14ന്‌ വൈകീട്ട്‌ ആറിന്‌ അവസാനിക്കും. മെയ്‌ 16 ന്‌ രാവിലെ ഏഴ്‌ മുതല്‍ വൈകീട്ട്‌ ആറ്‌ വരെയാണ്‌ തെരഞ്ഞെടുപ്പ്‌. വോട്ടെടുപ്പ്‌ അവസാനിക്കുന്നതിന്‌ 48 മണിക്കൂര്‍ മുമ്പ്‌ പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നാണ്‌ ചട്ടം. തുടര്‍ന്ന്‌ പോളിങ്‌ അവസാനിക്കുന്നത്‌ വരെ ഉച്ചഭാഷിണി, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍, പൊതുയോഗങ്ങള്‍, ജാഥകള്‍ തുടങ്ങിയവ നടത്താന്‍ പാടില്ല. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്‌ഡലത്തിന്‌ പുറത്തു നിന്നെത്തിയ രാഷ്‌ട്രീയ നേതാക്കള്‍ മണ്‌ഡലം വിട്ട്‌ പോകണം. സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ പുറത്തുള്ള വ്യക്തിയാണെങ്കിലും മണ്‌ഡലം വിട്ടു പോകേണ്ടതില്ല.
ഇന്ന്‌ വൈകീട്ട്‌ ആറ്‌ മുതല്‍ 16 ന്‌ വൈകീട്ട്‌ ആറ്‌ വരെയും വോട്ടെണ്ണല്‍ ദിനമായ മെയ്‌ 19 നും ‘ഡ്രൈ ഡേ’ ആണ്‌. ഈ ദിവസങ്ങളില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ വ്യക്തികള്‍ക്ക്‌ മദ്യം സംഭരിച്ചുവെക്കാനോ പാടില്ല. മദ്യഷാപ്പുകള്‍, മദ്യം വിളമ്പുന്ന ഹോട്ടലുകള്‍, റസ്റ്റോറോന്റുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ അടച്ചിടണം.