പെരിന്തല്‍മണ്ണയില്‍ വാഹന പരിശോധന: ഒരു ദിവസം പിഴയായി 81000 രൂപ ഈടാക്കി.

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ താലൂക്കില്‍ ഓഗസ്റ്റ്‌ 18ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ നടത്തിയ പരിശോധനയില്‍ 122 കേസുകളിലായി പിഴയായി 81000 രൂപ ഈടാക്കി. പെരിന്തല്‍മണ്ണ ജോയിന്റ്‌ ആര്‍.ടി.ഒ സഹദേവന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ എന്‍ഫോഴ്‌മെന്റ്‌ ആര്‍.ടി.ഒ (മധ്യമേഖല) തൃശൂര്‍, മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ പെരിന്തല്‍മണ്ണ സബ്‌ ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരുമാണ്‌ സംയുക്ത പരിശോധന നടത്തിയത്‌. എയര്‍ഹോണ്‍ ഉപയോഗിച്ച 13 ബസുകള്‍ക്കെതിരെയും ഹാന്‍ഡ്‌ ബ്രേക്ക്‌ ഇല്ലാത്ത രണ്ട്‌ ബസുകള്‍ക്കെതിരെയും കണ്ടക്‌ടര്‍ ലൈസന്‍സില്ലാത്ത നാല്‌ ബസുകള്‍ക്കെതിരെയും സ്‌പീഡ്‌ ഗവര്‍ണര്‍ ഘടിപ്പിക്കാത്ത ഒരു ബസ്‌നെതിരെയും നടപടിയെടുത്തു. അനധികൃത പരസ്യം പ്രദര്‍ശിപ്പിച്ച ഒരു ബസ്സിനെതിരെയും കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.
ടാക്‌സ്‌ അടയ്‌ക്കാത്ത ഏഴ്‌ വാഹനങ്ങളും ഇന്‍ഷൂറന്‍സ്‌ ഇല്ലാത്ത എട്ട്‌ വാഹനങ്ങളും പിടികൂടി. ഡ്രൈവിങ്‌ ലൈസന്‍സ്‌ ഇല്ലാതെ വാഹനം ഓടിച്ച 26 പേര്‍ക്കെതിരെയും ഹെല്‍മറ്റ്‌ ഇല്ലാതെ വാഹനം ഓടിച്ച ഏഴ്‌ ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും നിയമവിരുദ്ധമായി നമ്പര്‍ പ്ലേറ്റ്‌ വെച്ച മൂന്ന്‌ വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു. ഫിറ്റ്‌നസ്‌ ഇല്ലാത്ത നാല്‌ വാഹനങ്ങള്‍ പിടിച്ചു. അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ച 12 പേര്‍ക്കെതിരെ കേസെടുത്തു. ഓവര്‍ലോഡ്‌ കയറ്റിയ ഒരു വാഹനം പിടികൂടി. രജിസ്‌ട്രേഷന്‍ വാലിഡിറ്റി ഇല്ലാത്ത അഞ്ച്‌ വാഹനങ്ങള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. മറ്റു കേസുകളുമായി ബന്ധപ്പെട്ട്‌ 28 കേസുകളില്‍ നടപടി എടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും ചെക്കിങ്‌ നടത്തുമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍.ടി.ഒ അറിയിച്ചു.