പെരിന്തല്‍മണ്ണയില്‍ പ്രവാസി സുരക്ഷാ പദ്ധതിക്ക്‌ രൂപരേഖയായി

പെരിന്തല്‍മണ്ണ നഗരസഭയിലെ പ്രവാസികള്‍ക്കായി നഗരസഭാ കൗണ്‍സില്‍ പുതിയ സുരക്ഷാ പദ്ധതി രൂപരേഖ തയാറാക്കി. നഗരസഭയില്‍ 3200 പ്രവാസികളുണ്ടെന്നാണ്‌ കണക്ക്‌. നഗരത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നാണിത്‌. പദ്ധതി നിര്‍വഹണം സംബന്ധിച്ച നിയമാവലി തയാറാക്കി നഗരസഭ കൗണ്‍സില്‍ ചര്‍ച്ചചെയ്‌തു.
പ്രവാസികളുടെ സഹകരണത്തോടെ കമ്പനികളും സഹകരണ സംഘങ്ങളും രൂപവത്‌കരിക്കും. ഒമ്പതോ അതില്‍ കൂടുതലോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്‌മ രൂപവത്‌കരിച്ചാണ്‌ പദ്ധതികള്‍ നടപ്പാക്കുക. ഇതിനാവശ്യമായ ഭൂമി നഗരസഭ വിട്ടുനല്‍കും. കൂട്ടായ്‌മയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ പ്രവാസികളാണെന്ന്‌ തെളിയിക്കുന്ന രേഖകള്‍ നല്‍കണം. സര്‍ക്കാറിന്‍െറ അംഗീകാരം ലഭിച്ച പ്രൊജക്ട്‌ റിപ്പോര്‍ട്ടുകളില്‍ മാത്രമേ സംരംഭങ്ങള്‍ ആരംഭിക്കാവൂ.
പ്രാദേശിക വികസനങ്ങളില്‍ പ്രവാസികളെ പങ്കാളികളാക്കുന്നതിനും പ്രവാസി ഫണ്ടുപയോഗിച്ച്‌ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും പദ്ധതി പ്രകാരം സാധിക്കും. പ്രവാസികള്‍ക്കായി ബോധവത്‌കരണ-വിജ്ഞാന പരിപാടികള്‍, കാംപുകള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, കുട്ടികള്‍ എന്നിവരുടെ സാമൂഹിക നീതിയും അവകാശവും ഉറപ്പ്‌ വരുത്തുക എന്നിവയും പദ്ധതി ലക്ഷ്യമാക്കുന്നു. സര്‍ക്കാര്‍- ഇതര ഏജന്‍സികള്‍, സഹകരണ സംരംഭങ്ങള്‍, മറ്റ്‌ ഏജന്‍സികള്‍ എന്നിവയില്‍നിന്ന്‌ സാമ്പത്തിക സഹായം ലഭ്യമാക്കാനും രൂപരേഖ വിഭാവനം ചെയ്യുന്നു.