പെണ്‍കുട്ടികളുടെ തിരോധാനം: പൊലീസ്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കണം- വനിതാ കമ്മീഷന്‍

മലപ്പുറം: ജില്ലയില്‍ പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. കാണാതായ കുട്ടികളെ ഹൈടെക്‌ യുഗത്തിലും കണ്ടെത്താനാകുന്നില്ലെന്നത്‌ ഗൗരവതരമാണെന്നും ഇക്കാര്യത്തില്‍ പൊലീസ്‌ അവസരോചിതം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മലപ്പുറത്ത്‌ നടത്തിയ സിറ്റിങിനു ശേഷം കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീനാ റഷീദ്‌ പറഞ്ഞു. 18 ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ നിരവധി കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കമ്മീഷനു ലഭിച്ചിട്ടുണ്ട്‌. ഇന്നലെ മലപ്പുറത്തു മാത്രം ഇത്‌ സംബന്ധിച്ച്‌ മൂന്ന്‌ പരാതികളാണ്‌ ലഭിച്ചത്‌. മിക്ക കേസുകളിലും കുട്ടികളെ കണ്ടെത്താനാവുന്നില്ല. അന്വേഷണം ഇഴയുന്നത്‌ കക്ഷികള്‍ സംസ്ഥാനത്തിനു പുറത്തേയ്‌ക്ക്‌ രക്ഷപ്പെടാന്‍ കാരണമാകുന്നു. വിഷയം ജില്ലാ പൊലീസ്‌ മേധാവിയുമായി സംസാരിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതിന്‌ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത്‌ സമ്മേളന ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 69 കേസുകള്‍ പരിഗണിച്ചു. 37 കേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണം ഫുള്‍ കമ്മീഷന്‍ പരിഗണിക്കും. മൂന്ന്‌ കേസുകള്‍ പൊലീസ്‌ അന്വേഷണത്തിന്‌ കൈമാറി. 25 എണ്ണം അടുത്ത സിറ്റിങിലേക്ക്‌ മാറ്റിവെക്കുകയും ചെയ്‌തു. മരിച്ച ഭര്‍ത്താവിന്റെ സ്വത്തില്‍ വിധവയ്‌ക്കുള്ള അവകാശം ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ കയ്യടക്കി വെക്കുന്നതായ പരാതി കേരള ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെ പരിഗണയ്‌ക്ക്‌ കൈമാറി.
വിവാഹ സംബന്ധമായ മൂന്ന്‌ കേസുകള്‍ ഇരുകക്ഷികളെയും നേരില്‍ കേട്ട്‌ തീര്‍പ്പാക്കി. നിശ്ചയം കഴിഞ്ഞ്‌ വിവാഹം മുടങ്ങിയ കേസില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ നല്‍കിയ പരാതിയില്‍ ഇരുവിഭാഗത്തിനും നഷ്‌ടം സംഭവിച്ചതിനാല്‍ പരസ്‌പരം വിട്ടുവീഴ്‌ച ചെയ്യാന്‍ ഒത്തുതീര്‍പ്പായി. അഡ്വ. ഹാറൂണ്‍ റഷീദ്‌, റ്റി.ജി. ബീനാനായര്‍ എന്നിവര്‍ പങ്കെടുത്തു.