പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പരപ്പനങ്ങാടി : ഒരുവയസ്സ് പ്രായമുള്ള പെണ്‍കഞ്ഞിനെ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേസ്റ്റേഷന് ഒരു കിലോമീറ്റര്‍ തെക്ക് ഭാഗത്ത് കാളിക്കാവ് ഓവുപാലത്തിനടുത്ത് റെയിലരികില്‍ സ്ഥാപിച്ചിട്ടുള്ള റെയില്‍വേ ഇലക്ട്രിക് ബോക്‌സിനും റെയിലിനുമിടയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക 1.45 മണിയോടെയാണ് സംഭവം.

തുണിവിരിച്ച് അതിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. കുഞ്ഞിന്റെ നിലവിളികേട്ടെത്തിയ സമീപവാസികളായ സ്ത്രീകളാണ് കുഞ്ഞിനെ കണ്ടത്. ഉടനെ തന്നെ കുഞ്ഞനെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റുകയായിരുന്നു. സമീപവാസികള്‍ പോലീസില്‍ വിവരമറിയിച്ചിനെ തുടര്‍ന്ന പോലീസ് സംഭവസ്ഥലത്തെത്തി സമീപത്തുള്ള വീട്ടില്‍ നിന്നും കുഞ്ഞിന് ഭക്ഷണവും വെള്ളവും കൊടുത്തശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ വനിതാ പോലീസുകാരുടെ സംരക്ഷണയില്‍ കഴിഞ്ഞ കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

ചുവന്ന ടീഷര്‍ട്ടും കറുപ്പ് പാന്‍സും അണിഞ്ഞ അപരിചിതനായ ഒരാള്‍ കുഞ്ഞിനെ കണ്ടെത്തിയ ഭാഗത്ത് കുറച്ചു നേരം കറങ്ങി നടക്കുന്നതായി സമീപവാസികള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.