പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി സമരത്തില്‍

കൊച്ചി : രാജ്യവ്യാപകമായി പെട്രോളിയം ഡീലേഴ്‌സ് ആരംഭിച്ച പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തന സമയംവെട്ടിച്ചുരിക്കി സമരം തുടങ്ങി. സമരത്തിന്റെ ഭാഗമായി ഇന്നുമുതല്‍ രാവിലെ ഒമ്പത് മണിതൊട്ട് വൈകീട്ട് ഏഴ് മണിവരെ മാത്രമെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളു. കമ്മീഷന്‍ ഉയര്‍ത്തണമെന്നാണ് ഡീലര്‍മാരുടെ ആവശ്യം.

വൈദ്യുതി ചെലവ് വര്‍ദ്ധിച്ചതോടെ രാത്രികാലങ്ങളില്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാദ്യുതി ഇനത്തില്‍ വന്‍തുക ചെലവാക്കുന്നും ഇതിന് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നുമാണ് പരാതി. കൂടാതെ ഒരു ലിറ്റര്‍ പെട്രോളിന് 1 രൂപ 49 പൈസയാണ് കമ്മീഷനായി ഡീലര്‍മാര്‍ക്ക് ലഭിക്കുന്നത്. ഈ തുക ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളചെലവ് കഴിഞ്ഞാല്‍ 12 പൈസ മാത്രമാണ് തങ്ങള്‍ക്ക് മിച്ചമായി ലഭിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു.

സംസ്ഥാനത്തെ 1800ഓളം പെട്രോള്‍ പമ്പുകളാണ് പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി സമരത്തില്‍ പങ്കെടുക്കുന്നത്.

കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ രാത്രിയല്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് സംഘടനാ നേതാക്കള്‍ അറിയിച്ചു.

സമരത്തെ കുറിച്ചറിയാതിരുന്ന രാത്രി യാത്ര ചെയ്തിരുന്ന വാഹനങ്ങള്‍ പലതും പെട്രോളില്ലാതെ വഴിയില്‍ കുടിങ്ങിക്കിടന്നു.