പെട്രോള്‍ വില വര്‍ദ്ധനവ്‌; ജീവിത ചെലവ്‌ താങ്ങാനാകുമോ എന്ന ആശങ്കയില്‍ ഖത്തറിലെ മലയാളികള്‍

Untitled-1 copyദോഹ: പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന്‌ ജീവീത ചെലവ്‌ താങ്ങാനാവുമോ എന്ന ആശങ്കയിലായിരിക്കുകയാണ്‌ ഖത്തറിലെ ഇടത്തരക്കാരായ മലയാളികള്‍. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം സ്‌കൂള്‍ ബസ്‌ ഫീസില്‍ വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ്‌ സൂചന. വ്യാഴാഴ്‌ച അര്‍ദ്ധരാത്രി മുതലാണ്‌ പെട്രോള്‍ വിലയില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധനവ്‌ ഉണ്ടായത്‌.

എന്നാല്‍ ആറുമാസം മുന്‍പാണ്‌ വൈദ്യുതി വകുപ്പായ കഹ്‌റമാ വെള്ളത്തിനും വൈദ്യുതിക്കുമുള്ള നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്‌. പി്‌ന്നാലെ പെട്രോള്‍ വില കൂടി വര്‍ധിപ്പിച്ചതോടെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവില്‍ കാര്യമായ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇതിടയാക്കിയേക്കു മെന്നാണ്‌ റിപ്പോര്‍ട്ട്‌.

പാല്‍,പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ സൗദി അറേബ്യയില്‍ നിന്നാണ്‌ കൂടുതലായും ഇവടേക്കെത്തിക്കുന്നത്‌. പെട്രോള്‍ വിലയിലുണ്ടായിരിക്കുന്ന ഈ വര്‍ധനവ്‌ വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്‌പോര്‍ട്ട്‌ ഫീസ്‌ വര്‍ധിപ്പിക്കാനും ഇടയാക്കിയിരിക്കുകയാണ്‌. ഈ അധിക ചെലവ്‌ തങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.

ഇതിനെല്ലാം പുറമെ രാജ്യത്ത്‌ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും പെട്രോള്‍ വില വര്‍ദ്ധനവ്‌ സ്വാധീനിക്കും.