പൂവാലന്‍മാരെ നേരിട്ട അമൃതയ്‌ക്കെതിരെ വീണ്ടും കേസ്.

തിരു: അപമാനിക്കാന്‍ ശ്രമിച്ച പൂവാലന്‍മാരെ കൈകാര്യം ചെയ്ത അമൃതയ്‌ക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. മ്യൂസിയം പോലീസാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.

അമൃതയുടെ അടിയേറ്റ് പരിക്കേറ്റ മനോജ് ലാലിന്റെ പരാതിയിലാണ് കോടതി നിര്‍ദേശം. പോലീസ് നേരത്തെ അറസ്റ്റു ചെയ്ത മനോജ് ലാലിനെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.

അന്യായമായി തടഞ്ഞുവെക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍, കുറ്റകൃത്യത്തിനായി ഒത്തുചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അമൃതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അമൃത അച്ഛന്‍ മോഹനകുമാര്‍, സുഹൃത്ത് റമോണ, അച്ഛന്‍ വില്യം കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോടതി നിര്‍ദേശ പ്രകാരം അമൃതക്കെതിരെയെടുത്തിരിക്കുന്ന കേസിന്റെ അന്വേഷണം അടിയന്തിരമായി പൂര്‍ത്തിയാക്കി യഥാര്‍ത്ഥസ്ഥിതി കോടതിയെ അറിയിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശംഖുമുഖത്ത് വനിതാ ശാക്തീകരണ കൂട്ടായിമയില്‍ പങ്കെടുത്ത് മടങ്ങവെ അമൃതയും കുടുംബവും തട്ടു കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് യുവാക്കള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയത്. ആദ്യമെന്നും ഇവരുടെ കമന്റടി കാര്യമാക്കിയില്ലെങ്കിലും അതിരുവിട്ടപ്പോള്‍ അമൃത കമന്റടിച്ചയാളെ കുനിച്ച് നിര്‍ത്തി മുതികിനിട്ട് നല്ലതുപോലെ കൊടുത്തു. ഇത് തടയാനെത്തിയ മറ്റ് മൂന്നുപേര്‍ക്കും അമൃതയുടെ കയ്യില്‍ നിന്ന് കണക്കിന് കിട്ടി.

ഇടികൊണ്ട വഴിയാത്രക്കാരും അമൃതയ്‌ക്കൊപ്പം കൂടുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles