പൂഴ്‌ത്തിവെപ്പ്‌ തടയാന്‍ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; 75,000 ടണ്‍ പയറുവര്‍ഗങ്ങള്‍ പിടിച്ചെടുത്തു

Untitled-1 copyദില്ലി: സംസ്ഥാനത്ത്‌ പയര്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പൂഴ്‌ത്തിവെപ്പു തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ 13 സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്‌ഡുകളില്‍ ഇതുവരെ 75,000 ടണ്‍ ഓളം പയറുവര്‍ഗങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌.

വില കുതിച്ചുയരുന്നത്‌ തടയുന്നതിനായി പയറുവര്‍ഗങ്ങള്‍ ന്യായമായ വിലയ്‌ക്ക്‌ ലഭ്യമാക്കാന്‍ മില്ലുടമകളുമയും മൊത്തക്കച്ചവടക്കാരുമായും ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിര്‍ദേശം നല്‍കി.

പൂഴിത്തിവെച്ച ഉല്‌പന്നങ്ങള്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ തോറും തുടരും. അവശ്യ സാധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം നടത്തിയത്‌ ഭേദഗതിക്കുശേഷം വിവിധ സംസ്ഥാനങ്ങള്‍ 6,077 റെയ്‌ഡുകളാണ്‌ നടത്തിയത്‌. സര്‍ക്കാര്‍ പ്രസ്‌താവനയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

പൂഴ്‌ത്തിവെപ്പു തടയാനുള്ള നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ പയര്‍വില കുറയുന്ന അവസ്ഥ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ പയറുവര്‍ഗങ്ങള്‍ പിടിച്ചെടുത്തത്‌. 46,000 ടണ്‍ പയറുവര്‍ഗ്ഗങ്ങളാണ്‌ പിടിച്ചെടുത്തത്‌. കര്‍ണ്ണാടക(8,755 ടണ്‍), ബീഹാര്‍(4,933 ടണ്‍), ഛത്തീസ്‌ഗഡ്‌(4,530 ടണ്‍), തെലങ്കാന(2546 ടണ്‍), മധ്യപ്രദേശ്‌(2,295 ടണ്‍), രാജസ്ഥാന്‍(2,222 ടണ്‍) എന്നിവിടങ്ങളില്‍ നിന്നാണ്‌ കൂടുതല്‍ പയറിനങ്ങള്‍ പിടിച്ചെടുത്തത്‌.

ആഗോളവിപണിയിലെ ലഭ്യതക്കുറവും മഴയുടെ കുറവും മൂലം 2014-15 വര്‍ഷത്തില്‍ പയറുവര്‍ഗങ്ങളുടെ ഉല്‌പാദനത്തില്‍ 2 മില്യണ്‍ ടണ്ണിന്റെ കുറവു വന്നിരുന്നു. ഇതാണ്‌ പയര്‍ വില കുതിച്ചുയരാന്‍ കാരണം.

സാഹചര്യങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിച്ചു പരിഹാരം നിര്‍ദേശിക്കുന്നതിനു അരുണ്‍ ജെയ്‌റ്റ്‌ലിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയും കാബിനറ്റ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്‌. മന്ത്രി സമിതിയില്‍ നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി, വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരും അംഗങ്ങളാണ്‌.