പൂന്താനം സ്‌മാരക നിര്‍മാണം ഉടന്‍ തുടങ്ങും

ഭക്തകവി പൂന്താനത്തിന്‌ കീഴാറ്റൂരില്‍ സ്‌മാരകം നിര്‍മിക്കുന്നതിന്‌ സര്‍ക്കാര്‍ 50 ലക്ഷം അനുവദിച്ചു. പൂന്താനം സ്‌മാരക സമിതിയുടെ അധീനതയിലുള്ള അര ഏക്കര്‍ സ്ഥലത്താണ്‌ സ്‌മാരകം നിര്‍മിക്കുന്നത്‌. പൂന്താനം സ്‌മൃതി മണ്‌ഡപം, അനുബന്ധ മുറികള്‍, ഓഡിറ്റോറിയം എന്നിവ അടങ്ങിയതാണ്‌ സ്‌മാരകം. 1.25 കോടി രൂപ ചെലവ്‌ വരുന്ന സ്‌മാരകത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നതിന്‌ 50 ലക്ഷം രൂപയാണ്‌ ആദ്യ ഗഡുവായി അനുവദിച്ചത്‌. ടൂറിസം വകുപ്പാണ്‌ സ്‌മാരകം പണിയുന്നതിന്‌ തുക അനുവദിച്ചത്‌.
തിരുവനന്തപുരത്ത്‌ മന്ത്രി എ.പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പൂന്താനം സ്‌മാരക മന്ദിരത്തിന്റെ പദ്ധതി രൂപരേഖ അംഗീകരിച്ചു. യോഗത്തില്‍ എം ഉമ്മര്‍ എം.എല്‍.എ, പൂന്താനം സ്‌മാരക സമിതി പ്രസിഡന്റ്‌ മാങ്ങോട്ടില്‍ ബാലകൃഷ്‌ണന്‍, ജനറല്‍ സെക്രട്ടറി കെ.എന്‍ വിജയകുമാര്‍, കീഴാറ്റൂര്‍ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ്‌ ഹാരിസ്‌ എന്നിവരും ടൂറിസം വകുപ്പ്‌ ഉദ്യോഗസ്ഥരും പങ്കെടുത്തു.