പൂജ്യഗുരുവിന് പൂഴിമണ്ണിലാദരവ്

കോഴിക്കോട്:  വാക്കുകളുടെ തിരമാല തീര്‍ത്ത വാഗ്മിത്വത്തിന് ശില്പ ചാരുതകൊണ്ട് പുനര്‍ജന്മം. മുരളി ചെമ്മാടിന്റെ മാന്ത്രിക വിരലുകള്‍ പൂഴിമണ്ണില്‍ അഴീക്കോടിന്റെ ഛായാശില്പമൊരിക്കിയപ്പോള്‍ കടലിനും കാഴ്ച്ചയിലും വിസ്മയ ദൃശ്യം.

ചെമ്മാട്ടുകാരനായ മുരളിയാണ് കോഴിക്കോട് കടപ്പുറത്ത് മണല്‍കൊണ്ട് അഴീക്കോടിന്റെ ശില്പം തീര്‍ത്തത്. തെങ്ങുകയറ്റ തൊഴിലാളിയായ മുരളിക്ക് അഴീക്കോടിനെ കുറിച്ച് നല്ലതുമാത്രമേ പറയാനുളളു. ഇതാണ് പുരാവസ്തു പ്രണയിയായ മുരളിയെ ഇത്തരമൊരു ഉദ്യമത്തിലേക്ക് പ്രചോദിപ്പിച്ചത്.

ശില്പ നിര്‍മിതിയില്‍ മുരളിയുടെ മകന്‍ പത്തുവയസ്സുകാരന്‍ അമലും മരുമകന്‍ പതിമൂന്നുവയസ്സുകാരന്‍ നിഖിലും സഹായികളായിയെത്തിയതും കോഴിക്കോട്ടെ കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തി. മുന്‍പും കടല്‍തീരങ്ങളില്‍ മുരളി ജ്യോതി ബസു, യേശുദാസ്, എ.ആര്‍ റഹ്മാന്‍, റസൂല്‍ പൂകുട്ടി, ഒബാമ എന്നിവരുടെ മണല്‍ശില്പങ്ങളൊരുക്കി ശ്രദ്ധ നേടിയിരുന്നു.