പുല്ലി പുഴയില്‍ വ്യാപക കയ്യേറ്റം. അധികൃതരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് ഏക്കറുകള്‍.

വള്ളിക്കുന്ന് : ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് അതിരിടുന്ന പുല്ലി പുഴയില്‍ വ്യാപക കയ്യേറ്റം. കണ്ടല്‍കാടുകള്‍ വെട്ടി നശിപ്പിച്ച് റവന്യൂ അധികൃതരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് ഏക്കര്‍ കണക്കിന് ഭൂമി. ഏഴ് കിലോമറ്ററോളം ദൂരം നീണ്ടു കിടക്കുന്ന പുല്ലി പുഴയുടെ ഒരു ഭാഗം പൂര്‍ണ്ണമായും ചേലേമ്പ്ര പഞ്ചായത്തിലും ഒരു ഭാഗം ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി ഗ്രാമപഞ്ചായത്തിലുമാണുള്ളത്. പുല്ലി പുഴയുടെ ഇരു ഭാഗങ്ങളിലുമായി 35 വര്‍ഷത്തിലധികം പഴക്കമുള്ള കണ്ടല്‍ ചെടികള്‍ നീണ്ടു കിടക്കുകയാണ്. 1985 വരെ കോഴിക്കോട് കല്ലായിയില്‍ നിന്നും രാമനാട്ടുകര, പാറയില്‍, പുല്ലിപറമ്പ്, പെരുമുഖം എന്നിവിടങ്ങളിലേക്ക് പുഴയിലൂടെ ചരക്ക് ജലഗതാഗതം ഉണ്ടായിരുന്നു. 1992 ലാണ് ഇത് പൂര്‍ണ്ണമായും നിലച്ചത്.

ഇരുഭാഗത്തുമായി പുഴയുടെ ഭാഗമായി കാണാന്‍ കഴിയുന്ന പുറമ്പോക്ക് ഭൂമി ഏഴ് കിലോമീറ്ററോളം നീളത്തില്‍ ഉണ്ടായിരുന്നു. പുറമ്പോക്ക് ഭൂമിയല്ല പുഴയില്‍ പെട്ട ഭാഗം തന്നെയാണെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. പുഴയുടെ വീതി എത്രയാണെന്ന് അളന്നു തിട്ടപ്പെടുത്താന്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. വെളിപ്പെടുത്താന്‍ റവന്യൂ ഉദേ്യാഗസ്ഥരും തയ്യാറായിട്ടില്ല. പുഴയുടെ ഇരു കരകളിലും ചകിരിയും മറ്റു വേസ്റ്റുകളും നിറച്ച് മണ്ണിട്ട് നികത്തി അതില്‍ തെങ്ങിന്‍ തൈകളും മറ്റു മരങ്ങളും നട്ടുപിടിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. പിന്നീട് ഇതില്‍ കെട്ടി ഉദേ്യാഗസ്ഥരുടെ ഒത്താശയോടെ രേഖകള്‍ ചമച്ച് തങ്ങളുടെ വരുതിയിലാകും. വര്‍ഷങ്ങളെടുത്താണ് പലരും പുഴയോര ഭൂമി നികത്തി കൈവശപ്പെടുത്തുന്നത്. മണ്ണിട്ടു നികത്തുന്നതിനാല്‍ തന്നെ വര്‍ഷങ്ങള്‍ കഴിയുന്തോറും പുഴയുടെ വീതി കുറഞ്ഞു വരികയാണ്. ഇതിനെതിരെ നിരവധി തവണ മാറി മാറി വന്ന വനം വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതുകൊണ്ടു തന്നെ കയ്യേറ്റങ്ങള്‍ തുടരുകയാണ്.

പുല്ലിക്കടവില്‍ പുതിയപാലം നിര്‍മ്മാണം ആരംഭിച്ചതോടെ മണ്ണിട്ട് നികത്താന്‍ വ്യാപകമായിട്ടുണ്ട്. ഇടക്കാലത്ത് പുല്ലി പുഴ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും നിലയിലെ കയ്യേറ്റങ്ങള്‍ സമിതി കണ്ടില്ലെന്ന് നടിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പ്രകൃതി രമണീയമായ കണ്ടല്‍ കാടുകളാണ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ പുല്ലി പുഴയിലേക്ക് ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ കണ്ടല്‍ കാടുകള്‍ക്ക് മുകളില്‍ കത്തി വീണതോടെ പലരും തിരിഞ്ഞു നോക്കാതായി. മാത്രമല്ല മുന്‍കാലങ്ങളിലുണ്ടായ മല്‍സ്യ സമ്പത്തില്‍ വന്‍തോതില്‍ കുറവുണ്ടായതായും മല്‍സ്യതൊഴിലാളികള്‍ പറയുന്നു. വ്യാപകമായ മാലിന്യ നിക്ഷേപവും ഒരു പരിധി വരെ ഇതിനു കാരണമായി. അന്യാധീനമായി കൊണ്ടിരിക്കുന്ന പുല്ലി പുഴയെ സംരക്ഷിക്കാന്‍ സര്‍വ്വെ നടപടികള്‍ നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്വം.