പുരസ്‌കാരം ആചാര്യന്റെ അനുഗ്രഹം പോലെ സ്വീകരിക്കുന്നു- എം.ടി.

THAKAZHI AWARD-8തിരൂര്‍: ഗുരുസ്ഥാനീയനായ തകഴി ശിവശങ്കരപിള്ളയുടെ പേരിലുള്ള പുരസ്‌കാരം ആചാര്യന്റെ അനുഗ്രഹം പോലെ സ്വീകരിക്കുന്നതായി എം.ടി. വാസുദേവന്‍ നായര്‍. താന്‍ ജനിക്കുന്നതിന്‌ മുമ്പ്‌ കഥയെഴുതി തുടങ്ങുകയും പിന്നീട്‌ തന്നെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത തകഴിയുടെ അനുഗ്രഹം സ്വീകരിക്കുമ്പോള്‍ വികാരാധീനനും വിനയാന്വിതനുമാകുന്നു.

സ്വന്തം കുറവുകളും കുറ്റങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കാതെ മറ്റുള്ളവരുടെ തെറ്റുകള്‍ ചികഞ്ഞ്‌ നടക്കുന്ന മനുഷ്യന്‌ അത്‌ മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു തകഴിയുടെ കൃതികളും കഥാപാത്രങ്ങളുമെന്ന്‌ എം.ടി. പറഞ്ഞു. മറ്റുള്ളവന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ആലോചിക്കുകയും അതില്‍ വേവലാതിപ്പെടുകയും ചെയ്യുന്ന മനസിന്റെ ഉടമയായിരുന്നു തകഴി. അദ്ദേഹം പിശുക്കനാണെന്ന്‌ പറയുന്നത്‌ പറഞ്ഞുപരത്തിയ കഥകള്‍ മാത്രമാണ്‌. തകഴിയുടെ പിശുക്ക്‌ കുട്ടനാട്ടിലെ കര്‍ഷകന്റെ സ്വാഭാവിക പിശുക്കായിരുന്നു. പണത്തില്‍ മാത്രമായിരുന്നു അത്‌. നെല്ലും തേങ്ങയും എത്ര വേണമെങ്കിലും തകഴി വാരിക്കോരി നല്‍കുമായിരുന്നു. തന്റെ അനുഭവസാക്ഷ്യം എം.ടി. സദസുമായി പങ്കുവെച്ചു.