പുന്നപ്പുഴയ്‌ക്ക്‌ കുറുകെ നിര്‍മിക്കുന്ന കൂട്ടപ്പാടി പാലത്തിന്‌ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ്‌ ശിലയിട്ടു

unnamedനിലമ്പൂര്‍ നിയോജക മണ്‌ഡലത്തിലെ ചുങ്കത്തറ, മൂത്തേടം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ പുന്നപ്പുഴയ്‌ക്ക്‌ കുറുകെ നിര്‍മിക്കുന്ന കൂട്ടപ്പാടി പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ്‌ നിര്‍വഹിച്ചു. ഊര്‍ജ വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അധ്യക്ഷനായി. കോന്നമണ്ണ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പി.വി. അബ്‌ദുല്‍ വഹാബ്‌ എം.പി., നിലമ്പൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി വര്‍ഗീസ്‌, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ഡി. സെബാസ്റ്റ്യന്‍, വൈസ്‌ പ്രസിഡന്റ്‌ സി.എച്ച്‌. ഇഖ്‌ബാല്‍, മറ്റ്‌ ജനപ്രതിനിധികള്‍, പൊതുമരാമത്ത്‌ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ കെ.വി. ആസഫ്‌, എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ. മുഹമ്മദ്‌ ഇസ്‌മായില്‍, അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കെ. നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നബാര്‍ഡിന്റെ ധനസഹായത്തോടെ എട്ടു കോടി ചെലവഴിച്ചാണ്‌ കൂട്ടപ്പാടിയില്‍ പാലം നിര്‍മിക്കുന്നത്‌. കോഴിക്കോട്‌- നിലമ്പൂര്‍- ഗൂഡല്ലൂര്‍ റോഡുമായി സന്ധിക്കുന്ന ചുങ്കത്തറ- മൂത്തേടം റോഡിനെയും എടക്കര- കരുളായി റോഡിനെയും പാലം ബന്ധിപ്പിക്കും. 22 മീറ്ററിലുള്ള നാലു സ്‌പാനോട്‌ കൂടിയ പാലത്തിന്‌ 7.5 മീറ്റര്‍ വീതിയും ഇരുവശത്തും 1.5 മീറ്റര്‍ നടപ്പാതയുമുണ്ടാവും. ചുങ്കത്തറ ഭാഗത്തേക്ക്‌ 100 മീറ്ററും കരുളായി ഭാഗത്തേക്ക്‌ 150 മീറ്ററും സമീപ നിരത്തുകളും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്‌.