പുകയില നിയന്ത്രണ ദൗത്യത്തില്‍ കുടുംബശ്രീയും

പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പുകയില നിയന്ത്രണ ദൗത്യത്തില്‍ കുടുംബശ്രീ പങ്കാളിയാകുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമമായ കോട്‌പ 2003 ലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്‌ കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സര്‍ക്കുലര്‍ വഴി നിര്‍ദ്ദേശം നല്‍കി.
42 ലക്ഷം വനിതകള്‍ ഉള്‍പ്പെട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍, ഭക്ഷണശാലകള്‍, അനുബന്ധ സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ 7324 സ്ഥാപനങ്ങളാണ്‌ നിലവിലുള്ളത്‌. ഈ സ്ഥാപനങ്ങള്‍ പുകവലി വിമുക്തമാക്കുന്നതിന്‌ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കുടുംബശ്രീയുടെ കീഴിലുള്ള വിവിധ സ്‌ഥാപനങ്ങളിലും സംരംഭങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെയും അവിടെ നിന്നും വിവിധ സേവനങ്ങള്‍ കൈപ്പറ്റുന്ന ഉപഭോക്താക്കളുടെയും ആരോഗ്യം ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം.
ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്‌പ 2003 ലെ നാലാം വകുപ്പ്‌ പ്രകാരവും 2008 ലെ പൊതുസ്ഥലത്തെ പുകവലി നിരോധിച്ചുകൊണ്ടുള്ള കോട്‌പ ചട്ടങ്ങള്‍ പ്രകാരവും പൊതുസ്ഥലത്തിന്റെ ചുമതല വഹിക്കുന്ന കുടുംബശ്രീ ഓഫീസുകളിലെ മേലധികാരികള്‍ തങ്ങള്‍ക്കു കീഴിലുള്ള മേഖല പുകവലി വിമുക്തമാണെന്ന്‌ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരാണെന്ന്‌ സര്‍ക്കുലറില്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. ഇതു പ്രകാരം ഓഫീസ്‌ മേധാവി, എച്ച്‌.ആര്‍.ഡി മാനേജര്‍, അഡ്‌മിനിസ്‌ട്രേഷന്‍ മേധാവി എന്നിവര്‍ക്ക്‌ നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാം. നിയമം ലംഘിക്കുന്നവരില്‍ നിന്ന്‌ ഇരുനൂറ്‌ രൂപ വരെയുള്ള തുക പിഴയായി തത്സമയം ഈടാക്കാം.