പീഡിപ്പിച്ച് മുങ്ങിയവനെ യുവതി പിടികൂടി

വളാഞ്ചേരി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് മുങ്ങിയ യുവാവിനെ യുവതി പിടികൂടി പോലീസിലേല്‍പ്പിച്ചു. കൊല്ലം സ്വദേശിനിയായ യുവതിയാണ് തന്നെ പറ്റിച്ച് കടന്നുകളഞ്ഞ വളാഞ്ചേരി സ്വദേശിയായ സൈനുദ്ദീന്‍(34)നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

യുവതി ഭര്‍ത്താവുമൊത്ത് ഭീമാപള്ളിയില്‍ വെച്ചാണ് സൈനുദ്ദീനെ പരിചയപ്പെടുന്നത്. പിന്നീട് ഫോണിലൂടെ ബന്ധം തുടരുകയും സൈനുദ്ദീന്‍ വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവതി നാലുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് സൈനുദ്ദീനൊപ്പം പോവുകയായിരുന്നു. ബംഗൂളൂരു, കോയമ്പത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സൈനുദ്ദീന്‍ മുങ്ങി.

പെരുമ്പിലാവ് സ്വകാര്യ ഹോംനഴ്‌സിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി മലപ്പുറത്തുള്ള യാത്രക്കിടെ ശനിയാഴ്ച രാവിലെയാണ് വളാഞ്ചേരിയില്‍വെച്ച് സൈനുദ്ദീനെ കണ്ടത്. ഉടന്‍ ബസ്സില്‍ നിന്നും ഇറങ്ങിയ യുവതി സൈനുദ്ദീനെ പിടികൂടി വളാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. തൃശൂര്‍ കേന്ദ്രീകരിച്ചാണ് പീഡനം നടന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കേസ് തൃശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറി.

സൈനുദ്ദീനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.