പി. ശശിയെ സിബിഐ ചോദ്യം ചെയ്തു.

തിരു : സിപിഐഎം മുന്‍ കണ്ണൂര്‍ സെക്രട്ടറി പി.ശശിയെ സിബിഐ ചോദ്യം ചെയ്തു. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് സിബിഐ ചോദ്യംചെയ്തത്. പി.ശശി ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് ലോക്കല്‍ സെക്രട്ടറിയടക്കമുള്ള നിരവധി സിപിഐഎമ്മിന്റെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സിബിഐ നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേരളാപോലീസ് അന്വേഷിച്ച ഈ കേസ് ഫസലിന്റെ പിതാവിന്റെ ഹര്‍ജിയില്‍ ഹൈകോടതി ഇടപ്പെട്ട് സിബിഐയെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.