പി.ജയരാജിനെ ആക്രമിച്ചു; നാളെ കണ്ണൂരില്‍ ഹര്‍ത്താല്‍.

കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എ.എല്‍.എ. ടി.വി രാജേഷും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനടുത്തു വെച്ച് ഒരു സംഘം ലീഗുകാര്‍ അക്രമിച്ചു. കല്ലും ഇരുമ്പുവടിയും ഉപയോഗിച്ചാണ് അക്രമിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം തല്ലിപൊളിച്ചു. ഇന്നുച്ചയോടെയാണ് സംഭവം. തങ്ങളെ വധിക്കാനാണ് ലീഗുകാര്‍ ശ്രമിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. സംഭവത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അക്രമിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ഹര്‍ത്താലിന് സി.പി.ഐ.എം ആഹ്വാനം ചെയ്തു.

ജയരാജന്‍ വണ്ടിക്ക് പുറത്തിറങ്ങിയപ്പോഴാണ് വാഹനം തല്ലിപൊളിച്ചത്. രാജേഷിന് കല്ലുകൊണ്ട് അക്രമിക്കുകയായിരുന്നു. രണ്ടു ദിവസമായി തളിപ്പറമ്പില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തിനിടെ തകര്‍ത്ത ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട് സന്ദര്‍ശിക്കാന്‍ പോവുന്നവഴിയാണ് ഇവര്‍ക്കു നേരെ അക്രമമുണ്ടായത്. സംഭവത്തില്‍ സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം കെ.ബാലകൃഷ്ണന് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.