പി ജയരാജന്റെ അറസ്റ്റ്‌ അനിവാര്യമാണെന്ന്‌ സിബിഐ ഹൈക്കോടതിയില്‍

p jayarajan copyകൊച്ചി: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റ്‌ അനിവാര്യമാണെന്ന്‌ സിബിഐ ഹൈക്കോടതിയില്‍. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്‌ അന്വേഷണത്തെ തടസപ്പെടുത്താന്‍ ജയരാജന്‍ ശ്രമിക്കുകയാണെന്നും സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. പി ജരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെ നല്‍കിയ സത്യവാങ്‌മൂലത്തിലാണ്‌ സിബിഐ ഇക്കാര്യം പറയുന്നത്‌.

കേസിലെ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ജയരാജനെ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചു. മനോജ്‌ വധക്കേസില്‍ പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്‌ കോടതി പരിഗണിക്കാനിരിക്കെയാണ്‌ സിബിഐ സത്യവാങ്‌മൂലം നല്‍കിയത്‌. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ്‌ കോടതി ജരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്തതിനു പിന്നാലെ ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ അദേഹം മുന്‍കൂര്‍ ജാമ്യം തേടി അപേക്ഷ നല്‍കിയത്‌.

അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും എന്നാല്‍ ഗൂഡാലോചനക്കുറ്റം ചുമത്തത്തക്ക കാരണമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ്‌ അപ്പീലില്‍ പറയുന്നത്‌. യുപിഎ പ്രകാരമുള്ള കുറ്റമാണ്‌ സിബിഐ തനിക്കെതിരെ ചുമത്തിയിട്ടുള്ളത്‌. ഈ നിയമപ്രകാരമുള്ള കുറ്റത്തിന്‌ ജാമ്യം നല്‍കരുതെന്നാണ്‌ വ്യവസ്ഥ. എന്നാല്‍ ആ കുറ്റം ചുമത്താനുള്ള കാരണം വ്യക്തമല്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കേസില്‍ 25 ാം പ്രതിയാണ്‌ ജയരാജന്‍.