പി.ഗോവിന്ദ പിള്ള: ധിഷണയിലെ സംഘര്‍ഷങ്ങള്‍

ഒരേ സമയം കലഹിക്കാനും വിധേയപ്പെടനുമുള്ള മനസ്സൊരുക്കമാണ്പി. ഗോവിന്ദ പിള്ളയുടെ ധൈഷണിക വ്യകതിത്വത്തിന്റെ കാതലായ പ്രത്യേകത. പാര്‍ട്ടിയുടെ പ്രത്യശാസ്ത്രജ്ഞന്‍ എന്നതാണ് തന്‍റെ സ്ഥാനമെന്നും, അങ്ങനെ തനെയാണ് നില്നില്കേണ്ടതെന്നു, അത് തനെയാണ് നിലനിര്‍ത്തേണ്ടതെന്നും പി. ജി.ക്ക് ഉറപ്പായിരുന്നു. എന്നാല്‍, തന്‍റെ വിപുലമായ വായനയിലുടെ സ്വായത്തമാക്കിയ വലിയ ലോക വിജ്ഞാനങ്ങള്‍ തന്‍റെ വിശ്വാസത്തിന്റെയും ബൗദ്ധിക നിലനില്പിന്റെയും പരിധികളെകുറിച്ച് പിജിയെ നിരന്തരം ബോധ്യപെടുത്തികൊണ്ടിരുന്നു. പി. ജിയുടെ ധൈഷണികതയുടെ സാരംശമായ ഈ വൈരുധ്യം ഒരിക്കലെങ്കിലും പരിഹരികേണ്ട ഒന്നാണെന്ന് പി. ജി. കണ്ടിരുന്നില എന്നതാണ് കൗതുകകരം. കെ. ദാമോദരന്റെ ജീവിതം ഒരു രാഷ്ട്രീയ ദുരന്ത കഥയായിരുന്നുവെന്നു പി. ജി., ദാമോദരനെ കുറിച്ചുള്ള പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കെ.ദാമോദരന്റെതുപോലെ മറ്റൊരു ദുരന്തപര്യവസാനി ആകരുത് തന്‍റെ ജീവിത കഥ എന്ന്, ഒരു പക്ഷെ, പി. ജി. ഉള്ളാലെ നിശ്ചയിച്ചിടുണ്ടാകാം. 

 

പി. ജിയെ എം.എന്‍.വിജയന്‍ വിമര്‍ശിച്ചപ്പോള്‍, എം. എന്‍.വിജയനു മാര്‍ക്‌സിസത്തിലുള്ള ധാരണയെ തന്നെയാണ്, അല്പം ധാര്‍ഷ്ട്യത്തോടെ, പി. ജി. ചോദ്യം ചെയ്തത്. ധാര്‍ഷ്ട്യം കമ്മ്യൂണിസ്റ്റ്‌ ചിന്തകര്‍ക്ക് സഹജമാണെങ്കിലും, ആ വിമര്‍ശനത്തില്‍ ഉള്ളടങ്ങിയിട്ടുള്ള ആത്മവിശ്വാസം അങ്ങനെ കാണാതെ വിടേണ്ടതില്ല. ക്ലാസിക്കല്‍ മാര്‍ക്സിസത്തില്‍ മാത്രമല്ല, നവ മാര്‍ക്സിസ്റ്റ്‌ ചിന്തയിലും നല്ല വേരോട്ടമുള്ള പി. ജിക്ക്, ഫ്രോയിഡില്‍ മാത്രമല്ല മനോവിശകലനതിന്റെ പുതിയ ധാരകളെ കുറിച്ചും സാമാന്യം ഉറച്ച ധാരണയുണ്ടായിരിക്കും. ശത്രുകളെ ശാസിക്കുമ്പോള്‍ പ്രകടമാകുന്ന ഈ ആത്മവിശ്വാസം, അതെ അളവില്‍, പാര്‍ട്ടിയെ കൂടി ബാധിക്കുന്ന പ്രത്യശാസ്ത്ര ചര്‍ച്ചകളില്‍ തെളിഞ്ഞു എന്ന് വരില്ല. 

 

ഒരു ദശകമായി പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയതയില്‍ പക്ഷം ചേര്‍ന്നൊരു പ്രത്യശാസ്ത്ര മര്‍ദ്ദനത്തിനു അദ്ദേഹം മുതിര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്. ഈ ദശകങ്ങളില്‍ തനെയാണ് ഒട്ടേറെ പുസ്തകങ്ങളുടെ രചനയില്‍ പി. ജി. സജീവമായി വ്യാപ്രതനാകുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ “ഭക്തി പ്രസ്ഥാനത്തെ” കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം മുതല്‍ പിന്നോട്ട് നോക്കുകയാണങ്ങില്‍, വ്യത്യസ്തങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് പത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ പി.ജി. എഴുതിയിടുണ്ട് എന്ന് കാണാം. ഇ.എം.എസിന്‍റെ. കാല ശേഷമുള്ള ഈ രചനകളില്‍ പി.ജി.യെ വിമര്‍ശനഭയം തീരെ തീണ്ടിയിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. 

 

ഇ.എം.എസിനെ കുറിച്ചുള്ള രണ്ടു പുസ്തകങ്ങളും, ഏഗംല്‍സിന്റെ ജീവചരിത്രവും, കേരളത്തിലെ നവോത്ഥാന നായകരെ കുറിച്ചുള്ള പുസ്തക പരമ്പരയും, പിന്നെ, പി.ജിയുടെ മാസ്റ്റര്‍ പീസ് എന്ന് വിൡക്കാവുന്ന വൈജ്ഞാനിക വിപ്ലവത്തെ സമഗ്രമായി വിലയിരിതുന്ന ഒരു പുസ്തകവും, മറ്റു ചില കൃതികളും ഇതില്‍ ഉള്‍പെടുന്നു. മാര്‍ക്സിസ്റ്റ്‌ മഹത്‌ വ്യകതിത്വങ്ങളില്‍ നിന്ന് ജീവചരിത്ര രചനക്കായി പി.ജി. തെരഞ്ഞെടുത്തത് ഏംഗല്‍സിനെയാണ്. എന്തുകൊണ്ട് ഏംഗല്‍സ്? മാര്‍ക്സിനോളം ഉന്നതന്‍ ആണെങ്കിലും, രണ്ടാം സ്ഥാനമാണ് ഏംഗല്‍സിനുള്ളത്. ഏംഗല്‍സ് തന്നെ സ്വയം വരിച്ചതാണ് ഈ രണ്ടാം സ്ഥാനം. രണ്ടാം സ്ഥാനം എന്നാല്‍ രണ്ടാം കിട എന്നല്ല. എന്നിട്ടും, ഏംഗല്‍സനെ അടര്‍ത്തുമാറ്റി ശുദ്ധ മാര്‍ക്സിനെ ഫില്‍റ്റര്‍ ചെയ്യതെടുക്കാന്‍ വേണ്ടിയായി നവ മാര്‍ക്സിസ്ടുകളില്‍ ചിലരുടെ ഗവേഷണ ശ്രമങ്ങള്‍. യുറോപ്പില്‍ എഴു പതുകകളില്‍ തുടങ്ങിയതാണ് ഈ ഇടപാട്. വാസ്തവത്തില്‍, ഇരുപത്തിനാലാം വയസ്സില്‍ ഏംഗല്‍സ് എഴുതിയ “ഇംഗ്ലീഷ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവസ്ഥ” എന്നതില്‍ തുടങ്ങി, ആ കാലത്തിലെ ശാസ്ത്ര ദര്‍ശങ്ങളോട് വൈരുധ്യാത്മക ഭൗതികവാദത്തെ ആധാരമാക്കി ഏംഗല്‍സ് നടത്തിയ പ്രതികരണങ്ങള്‍ മാര്‍ക്സിന്റെ കൃതികളോളം തന്നെ ശാസ്ത്രിയ സോഷ്യലിസത്തിന് ദിശ നല്‍കുന്നവയാണ്. അങ്ങനെയുള്ള ഏഗംല്‍സിന്റെ     ഔനത്യം സ്ഥപിചെടുകുക എന്നത് കൂടിയാണ് ആ ജീവചരിത്ര രചനയിലുടെ പി. ജി. ലക്‌ഷ്യം വെച്ചത്. ഏഗംല്‍സിന്റെ ജീവിതകഥകള്‍ പി ജി തന്റെ പ്രതിച്ഛായയാണോ കണ്ടത്.

 

 

കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ സൈധാന്തികരുടെ കൂടത്തില്‍ പിന്‍ ശ്രേണിയില്‍ ഒന്നുമല്ല പി. ജിയെ നിര്‍ത്തേണ്ടത്. മുമ്പില്‍ തന്നെയാണ് പി.ജിയുടെ സ്ഥാനം. അടിയന്തിരാവസ്ഥ കാലത്ത് വലിയൊരു കമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവി, പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്നു എന്നതിന്റെ ബലത്തില്‍, നക്സലൈറ്റ്‌ എന്ന ആരോപിച്ച  ക്യാമ്പിലേക്ക്‌ കൊണ്ടുപോയവരെ കൊണ്ട് മാപ്പെഴുതികൊടുപ്പിച്ചു, ആള്‍ക്കാര്‍ കുറവായ തങ്ങളുടെ പാര്‍ട്ടിലേക്ക് ചേര്‍ത്തിരുന്നു എന്ന് വായിച്ചുകേട്ടിട്ടുണ്ട്‌. പക്ഷെ, പി.ജി.ചെയ്യ്തത് അതല്ല. പാര്‍ട്ടി അറിഞ്ഞാല്‍ പ്രശ്‌നമാകും എന്നറിഞ്ഞിട്ടും, കെ.വേണുവിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നു. പി.ജി വായനയിലുടെ കണ്ടെത്തിയ ലോകത്തിന്റെ പാര്‍ശ്വങ്ങള്‍ പോലും  ആരാധ്യരായ കേരളത്തിലെ പല  കമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവികള്‍ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.  കൂട്ടത്തില്‍ നിര്‍ത്തി, ഒടുക്കം മാത്രം പരാമര്‍ശികേണ്ട ഒരാളല്ല പി.ജി. 

 

പി.ജിയുടെ വായന ഭ്രാന്ത് പലരും എടുത്തു പറയാറുള ഒരു സാധാരണ കാര്യമാണ്. പുസ്തക വില്പനക്കാരന്‌ വെറുമൊരു കണ്‍സ്യുമര്‍ മാത്രമായിരിക്കും അദ്ദേഹം. എന്തും വായിച്ചു തള്ളുന്ന പുസ്തക പിരാന്തന്‍ മാത്രമായിരുന്നോ പി.ജി? ഒരിക്കലുമല്ല! മാര്‍ക്സിസ്റ്റ്‌ ചിന്തകന്‍ പി. ഗോവിന്ദ പിള്ളയുടെത്  വിവേചന മാനദണ്ടങ്ങള്‍ ഏതുമില്ലാത വായന സംസ്കാരമായിരിക്കും എന്ന് ഞാന്‍ വിചാരികുന്നില്ല. വിവിധ ജ്ഞാനമണ്ഡലങ്ങളില്‍ പുതുതായി എന്തു നടക്കുന്നുവെന്നു അറിയാനുള്ള അതിയായ ആഗ്രഹം പി.ജിയുടെ എഴുത്തില്‍ കാണാം. ഒപ്പം തന്നെ, ക്ലാസ്സിക്കുകളെ പുതിയ അറിവിന്റെ വെളിച്ചത്തില്‍ മനസിലാക്കേണ്ടതാണെന്ന പി.ജി. വിശ്വസിച്ചിരുന്നു. എന്നാലും, ഏതു നിലക്കുള്ള അന്വേഷനങ്ങളെയും മനസിലാക്കുന്നതിനെ ആത്യന്തികമായി നിര്‍ണയിച്ചിരുന്നത് താന്‍ ഉള്‍കൊണ്ട മാര്‍ക്സിസ്റ്റ്‌ ഭൗതികവാദത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നായിരുന്നു എന്ന് മാത്രം. ഓര്‍ക്കുന്നുണ്ടോ: ഫുകുവോകയുടെ “ഒറ്റ വൈക്കോല്‍ വിപ്ലവത്തെ” പി. ജി. വിശേഷിപിച്ചത് “ആപല്‍കരമായ അസംബന്ധം” എന്നാണ്. സൈലന്‍റ് വാലി പ്രശ്നത്തില്‍ പാര്‍ട്ടിയോട് ഇടഞ്ഞ പി.ജിക്ക്, പരിസ്ഥിതിവാദ ചിന്തയുടെ ഫുകുവോകാന്‍ ധാരയോടു ഒട്ടും മമതയുണ്ടയിരുന്നില്ല. 

മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ രാഷ്ട്രീയ പ്രയോഗത്തില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച പി. ഗോവിന്ദ പിള്ളക്ക് തൊണ്ണൂറുകള്‍ക്ക്‌ ശേഷം ലോകമെമ്പാടും പുതിയ പ്രമേയങ്ങളും, ആശയങ്ങളും, പ്രക്ഷോഭ ആവിഷ്‌കാരങ്ങളിലുമായി രാഷ്ട്രീയത്തെ ഉത്സവമാക്കിയ നവസമൂഹിക പ്രസ്ഥാനങ്ങളോട് എതിര്‍പ്പായിരുന്നു. എന്നാല്‍, കേരളത്തില്‍ ഒരുവം കൊണ്ട സ്വത്വാധിഷ്ടിത പുതിയ രാഷ്ട്രീയ പ്രമേയ്ങ്ങളോടുള്ള പ്രതികരണം എന്ന നിലക്ക് വേണം നവോത്ഥാന നായകരെകുറിച്ചുള്ള പി.ജിയുടെ രണ്ടു പുസ്തകങ്ങളും വായിക്കാന്‍. നവോത്ഥാനത്തിന്റെ കേന്ദ്ര ആശയമായഹ്യുമനിസത്തെ ആധാരമാക്കിയാണ് പി.ജി. ആ കാലത്തെ പുന്ന: സൃഷ്ടികുന്നതും വിലയിരുത്തുന്നതും. ഈ കൃതികള്‍ക്ക് പശ്ചാതലമാകുന്ന കേരള സമൂഹത്തിന്‍റെ ഒരിടത്തുനിന്നാണ് പി.ജി.യുടെ രാഷ്ട്രീയ പ്രവര്‍ത്തനവും ആരംഭിക്കുന്നത്. പി. ജിയെ പോലെ സവര്‍ണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആദ്യകാല കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികരില്‍ പലര്‍ക്കും “മാര്‍ക്സിസം” തങ്ങളുടെ മേല്‍ ജാതി-ഫ്യൂഡല്‍ അവസ്ഥയില്‍ നിന്ന് ഭാവിയില്‍ വരാന്‍ പോകുന്ന കാലത്തിലേക്ക് കടക്കാനുള്ള പാലമായി വര്‍ത്തിച്ചു. ജാതി പ്രശ്നങ്ങളെ, ഭൂ-ഉടമസ്ഥതയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ-സമ്പദ് ശാസ്ത്ര പ്രശ്നം എന്നനിലക്ക്‌ മൊഴി മാറ്റി മനസിലാക്കാന്‍  മാര്‍ക്സിസം വലിയ സഹായമാവുകയം ചെയ്യ്തു. സ്വത്വം കേന്ദ്രത്തില്‍ നില്‍ക്കുന്ന ഏതു രാഷ്ട്രീയവും അവര്‍ക്ക് വര്‍ജ്യമായിരുന്നു. 

 

 

ഈയിടെ അന്തരിച്ച എറിക് ഹോബ്സ്ബാമിന്റെ രാഷ്ട്രീയ നിലപാടുകളോടും ധൈഷണിക സമീപനങ്ങളോട് സാദൃശ്യം പുലര്‍ത്തുന്നതാണ് പി.ജിയുടെ പൊതു സമീപനം. ഉദാഹരണത്തിന്, ഹോബ്സ്ബാം ‘സ്വത്വ രാഷ്ട്രീയത്തെ” കുറിച്ച് എഴുതിയ പ്രബന്ധത്തില്‍ നിന്ന് ഒരു വാക്ക് പോലും മാറ്റത്തെ തന്നെ അതിനോട് ഐക്യപെടാന്‍പറ്റും പി.ജിക്ക്. കൂട്ടത്തില്‍ പറഞ്ഞോട്ടെ, പി.ജിയുടെയും ഹോബ്സ്ബാമിന്റെയും ജ്ഞാന താല്‍പര്യങ്ങളില്‍ വലിയൊരു പൊരുത്തം കാണാം. സൈദ്ധാന്തികരായ എല്ലാ മാര്‍ക്സിസ്റ്റുകളെ പോലെ “ചരിത്രം” പി.ജിയുടെയും ദൗര്‍ബല്ല്യമാണ്‌. ഹോബ്സ്ബാം പ്രഫഷനല്‍ ചരിത്രകാരന്‍ ആണെങ്കില്‍, പി.ജി. ചരിത്ര പഠനം തന്‍റെ പ്രധാന മേഖലയായി കണ്ടിരുന്നു. മാത്രവുമല്ല, ‘എപ്പോഴും എല്ലാത്തിനെയും ചരിത്രവല്‍കരികുക” എന്ന മുദ്രാവക്യം തന്‍റെ അന്വേഷണങ്ങള്‍ക്ക് പ്രചോദനമായി സ്വീകരിച്ചു. പി.ജിയുടെ ആദ്യ ഗ്രന്ഥം, എന്റെ മനസ്സിലാക്കല്‍ തെറ്റെല്ലെങ്കില്‍,“കേരളം: ഒരു അധകൃത സംസ്ഥാനം” എന്നതാണ്. ചരിത്രശാസ്ത്രപരമായ കാഴ്ചപ്പാടില്‍ നിന്ന് എഴുതപെട്ട രചനയാണിത്. റോമില ഥാപ്പറിന്റെ“ഭൂതകാലവും മുന്‍വിധികളും” മലയാളത്തിലേക്ക് പി.ജി. മൊഴിമാറ്റം ചെയ്യ്തിട്ടുണ്ട്‌. കീഴാള ചരിത്ര പഠനത്തെ നഖ:ശിഖാന്തം എതിര്‍ത്ത് കൊണ്ട്, പി.ജി എഴുതിയ “കീഴാള പഠനത്തിന്റെ മേലാളര്‍”ചായ്‌വ്‌ എന്ന ലേഖനം മലയാളത്തില്‍ കീഴാള ചരിത്ര പഠനശാഖയെ കുറിച്ചുള്ള ആദ്യ ലേഖനങ്ങളില്‍ ഒന്നായിരിക്കും. നവോത്ഥാനത്തെ കുറിച്ചുള്ള പി.ജിയുടെ പഠനം കേരളത്തിന്റെ ഒരു പ്രത്യേക ചരിത്ര സന്ധിയെകുരിച്ചുള്ളതാണ്. വൈജ്ഞാനിക വിപ്ലവത്തെ കുറിച്ചുള്ള പുസ്തകം യുറോപ്പ്യന്‍ പ്രബുദ്ധത പാരമ്പര്യത്തിന്റെ ചരിത്രകാലത്തിലുടെയുള്ള സഞ്ചാരമാണ്. 

മാര്‍ക്സിസ്റ്റ്‌ ധൈഷണികതയുടെ മറ്റൊരു പ്രകൃതമാണ് സാര്‍വ്വദേശിയ വീക്ഷണം. മാര്‍ക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് സാര്‍വ്വദേശിയമായ മാനമാണുള്ളത്. മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ ഹോബ്സ്ബാം തന്റെ പ്രധാന ചരിത്ര കൃതികളില്‍ എല്ലാം തന്നെ ഈ കാഴ്ചപ്പാട് ഉള്ളടങ്ങിയിരികിന്നു. ചെറിയ പ്രദേശങ്ങളിലെ ഓരോ ചെറിയ അനക്കങ്ങള്‍ക്ക്‌പോലും ലോക ചരിത്രപ്രക്രിയയില്‍ എന്ത് സ്ഥാനമുണ്ടെന്ന് ഹോബ്സ്ബാം അടയാളപ്പെടുത്തി പോകുന്നുണ്ട്‌. പി.ജി.യുടെ വീക്ഷണഗതിയും ഉദ്ധേശവും ഹോബ്സ്ബാമിന്റെത്‌ തന്നെ. എന്നാല്‍, ചരിത്രകാരന്‍ എന്ന നിലയില്‍ ഹോബ്സ്ബാമിന്ആലോചിച്ചിച്ചെഴുതാന്‍ സമയത്തിന്‍റെ ധാരാളം ആനുകൂല്യം ഉണ്ടെങ്കില്‍, പി.ജിക്കത് ലഭിച്ചിരുന്നില്ല. ഇടതുപക്ഷത്തിന് മോല്‍കോയ്മയുള്ള രാഷ്ട്രീയ സമൂഹത്തില്‍ തല്‍സമയം തന്നെ വ്യാഖ്യാന സഹിതം വിവരണം വേണം. മലയാളികള്‍ക്ക് സാര്‍വ്വദേശിയ രാഷ്ട്രീയം സോഷ്യലിസ്റ്റ്‌ കാഴ്ച്ചപ്പാടിലൂടെ ശരിക്കും പരിചയപ്പെടുത്തിയത് പി.ജിയാണ്. പി.ജിയുടെ പിന്‍വാങ്ങലോടെ, അങ്ങനെയുള്ള ഒരു ചിന്തധാരക്ക് വിരാമമാവുകയാണോ എന്ന് ആശങ്ക പെടേണ്ടതാണ്‌. പ്രത്യേകിച്ചും, മലയാളത്തില്‍ വരുന്ന സമീപകാല സാര്‍വ്വദേശിയതയെ കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ “ഏക ധ്രുവ” ലോകക്രമത്തെ ആധാരമാക്കിക്കൊണ്ടുള്ളതാകുമ്പോള്‍

പി.ജി. അടിമുടി അമേരിക്കന്‍ വിരുദ്ധനാണ്. പലസ്തീന്‍ വിമോചന പോരാട്ടത്തില്‍ ഹമാസിന്റെ നേതൃത്വപരമായ പങ്കിനെ കുറിച്ച് പി.ജി വാചാലമാകുന്നത് ഞാന്‍ കേട്ടിടുണ്ട്. ഭൂലോകത്ത് എന്തെങ്കിലും കോണില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നടക്കുന്ന ഏതൊരു ചെറിയ മുന്നേറ്റത്തെയും യഥാസമയം, അല്‍പം ഗൗരവം കൂട്ടിയിട്ടാണെങ്കിലും,നമ്മളിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. ആ തിരക്കിനിടയില്‍, ചില്ലപ്പോള്‍ ചില പിശകുകള്‍ സംഭവിച്ചേക്കാം. മുമ്പ്, വളരെ മുമ്പ്, താലിബാന്‍റെ അമേരിക്കന്‍ വിരുദ്ധ മുന്നേറ്റത്തില്‍ ആവേശം കൊണ്ടിട്ടുണ്ട് പി’ജി.

പി. ഗോവിന്ദ പിള്ളയെകുറിച്ചോര്‍ത്തു ഹോബ്സ്ബാമിനെ കുറിച്ച് പറയുമ്പോള്‍, മറ്റൊരു കൗതുകകരമായ സാദൃശ്യം കൂടി പറഞ്ഞോട്ടെ. രണ്ടു പേരുടെയും കര്‍മകാലം ഇരുപ്പതാം നുറ്റാണ്ട് ആണ്. സോഷ്യലിസത്തിന്റെ വികാസവും തകര്‍ച്ചയും സാക്ഷ്യം വഹിച്ച കാലം. ഈ കാലത്തിന്റെ ചരിത്രഗതിയില്‍ നിന്ന് രണ്ടു പേരെയും വേര്‍തിരിക്കാന്‍ ആകില്ല. ഒരു പക്ഷെ, പി.ജിയുടെ പൂര്‍ത്തിയാകാത്ത ആത്മകഥക്ക് പറ്റിയ പേര്: Interesting Times എന്ന് തന്നെയാകും. എന്നാല്‍ ഹോബ്സ്ബാമിന്റെതിനെക്കാള്‍ കൂടുതല്‍ രസകരമായ കാര്യങ്ങളാകും പി.ജിക്ക് പറയാനുണ്ടാവുക. കാരണം, ഹോബ്സ്ബാമില്‍ നിന്ന് വ്യത്യസ്തമായി, അധികാര രാഷ്ട്രീയത്തെ അഭിമുഖീകരികേണ്ട സവിശേഷ സാഹചര്യങ്ങളിലാണ് പി.ജി. ഇടപെട്ടു കൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക് സംസ്കാരത്തിലും രാഷ്ട്രീയത്തിലും നിര്‍ണായക അധീശത്വം ഉള്ള ഒരിടത്ത് നിന്ന് എഴുതുമ്പോള്‍, ദൃഡതയേക്കാള്‍ നീക്കുപോകുകളാണ് അനിവാര്യമായി തീരുന്നത്. 

 മാര്‍ക്സിസ്റ്റ്‌ എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ തുടരുക എന്നത് മറ്റൊരു അനിവാര്യതയായി പി.ജിയും ഹോബ്സ്ബാമും മനസിലാക്കിയിരുന്നു. ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിരിച്ചുവിടുന്നതുവരെ ഹോബ്സ്ബാം പാര്‍ട്ടിയില്‍ തുടര്‍ന്നു. പാര്‍ട്ടിയുമായി സമയാസമയങ്ങളില്‍ കലഹങ്ങള്‍ക്ക് ഒരുങ്ങന്നതിനു മുമ്പ് തന്നെ അതിന്റെ അതിരുകള്‍ എവിടെയെന്നു പി.ജി അറിഞ്ഞു വെച്ചിരുന്നു. എന്നാലും, ഒടുവില്‍, പി. ജി തന്നെ തോറ്റു കൊടുത്തു. പക്ഷെ എല്ലാം മറന്നുകൊണ്ട് പാര്‍ട്ടി ശത്രുകള്‍ക്കെതിരെ പി.ജി കസറി. പാര്‍ട്ടി കൂറ് തെളിയിക്കാനുള്ള അവസരങ്ങള്‍ ആണത്. ഈയിടെ, സി.പി.ഐ – സി.പി.എം എകീകരണത്തെ കുറിച്ചുള്ള വിവാദത്തില്‍, ബിനോയ്‌ വിശ്വത്തിനെതിരെയുള്ള പൊളിമിക്‌സില്‍ പിജി മിന്നിത്തിളങ്ങി.

പോളിമിക്സും, സാഹിത്യ വിവാദങ്ങളും മാത്രമായിരുന്നില പി.ജിയുടെ ഇഷ്ട മേഖല. സയന്‍സും, ടെക്നോളജിയും പി.ജിയെ ആകര്‍ഷിച്ചിരുന്നു എന്ന് വേണം എഴുത്തില്‍ നിന്ന് മനസിലാക്കാന്‍. സാങ്കേതിക വിദ്യകളുടെ വികാസത്തെപറ്റി പ്രത്യാശയോടെയാണ് പീ ജീ സംസാരിച്ചത്. അതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കരുതലോടെയാണ് പറഞ്ഞിരുന്നതു. പ്രബുദ്ധത പാരമ്പര്യത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്നതിനാല്‍, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ സത്യവിശ്വസിയയിരുന്നു അദ്ദേഹം. എന്നാല്‍ അത്തരമൊരു വിശ്വാസത്തിന്റെ ഭൂമികയില്‍ നിന്നാണ് സി-ഡിറ്റ് പോലുള്ള സ്ഥാപനം രൂപപ്പെടുന്നത്. ആ സ്ഥാപനത്തിന്റെ തലപ്പത്ത്‌ പി.ജി.ഉണ്ടായിരുന്നപോഴാണ് ബ്രഹ്ത് പദ്ധതികള്‍ സി-ഡിറ്റ് ഏറ്റടുത്തത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് വേണ്ടി “മാനവോദയം” എന്ന വന്‍ വീഡിയോ നിര്‍മാണ പദ്ധതി ഏറ്റെടുത്തു നടപ്പാക്കി. അതിനു വേണ്ടി, “ഇരുപ്പതാം നൂറ്റാണ്ടിലെ സമൂഹവും സംസ്കാരവും” എന്ന എപിസോഡന്റെ അടിസ്ഥാന പാഠം തയ്യാറാക്കേണ്ടത് പി.ജിയാണ്. ഹോബ്‌സ്ബാമിന്റെ ‘എഡ്ജ് ഓഫ്‌ എക്സ്ട്രീം’ ആധാരമാക്കി അത് എഴുതിക്കൂടെ എന്ന് ഞാന്‍ പി.ജിയോട് ചോദിച്ചു. എന്നോട് പറഞ്ഞ മറുപടി രസകരമാണ്: 

 

“ഹോബ്സ്ബാം ഒരു ഷഡനോവിയന്‍ അല്ലെ? പ്രഫ. വി. അരവിന്ദക്ഷന്റെ മാതിരി.”. കൂടുതലായൊന്നും പറഞ്ഞില്ല. എനിക്ക് അതിന്‍റെ അര്‍ത്ഥം അന്നും പിടികിട്ടിയിടില്ല; ഇന്നും. ഒന്ന് ഞാന്‍ ഓര്‍ക്കുന്നു: പി.ജിയുടെ അവാര്‍ഡ്‌ കിട്ടിയ കൃതി “മാര്‍ക്സിസ്റ്റ്‌ സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും” നിരൂപണം ചെയ്ത വേളയില്‍,  ഷഡനോവിനു പ്രാധാന്യം കൊടുത്തില്ല എന്ന് വി. അരവിന്ദാക്ഷന്‍ എഴുതിയതായി പി.ജി പറയുന്നുണ്ട്. ഈ പുസ്തകത്തില്‍, സ്റ്റാലിനിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ റിയലിസത്തിന് വലിയ പ്രാധാന്യം കൊടുതിട്ടിലെങ്കിലും,ആദ്യ കാല സാഹിത്യ വിമര്‍ശന കൃതികള്‍ എല്ലാം തന്നെ അതിനെ പിന്‍പറ്റുന്നവയായിരുന്നു. തൊണ്ണൂറുകളില്‍ പുറത്തുവന്ന ‘സാഹിത്യം: അധോഗതിയും പുരോഗതിയും” എന്ന രചനയിലും കാണാം പ്രകടമായ ഷഡനോവിയന്‍ മനോഭാവം. 

വായനയുടെ ഒരു ദോഷം അത് എഴുത്തിനെ തടയും എന്നാണ് എന്ന് തോന്നുന്നു. എഴുതാനുള്ള സമയത്തേക്കാള്‍ വായനക്ക് സമയം കൊടുക്കാന്‍ ഒരുള്‍പ്രേരണ എപ്പോഴും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിലും വലിയ പ്രശ്നം, വിശ്വാസവും വായനയിലൂടെ പുതുതായി ലഭിച്ച അറിവും തമിലുള്ള

സംഘര്‍ഷമാണ്. ഒത്തുതീര്‍പ്പിന് വഴിയിലെങ്കില്‍, എഴുത്ത് റദ്ദ്‌ ചെയ്യുക എന്ന് മാത്രമാണ് ഏകപോംവഴി. വായന പോലെ ഇത്ര പ്രശ്നമുള്ള കാര്യമില്ല. പി.ജി. അത് ഉള്ളാലെ അനുഭവിച്ചിട്ടുണ്ടാകാം.