പിന്നാക്ക വികസനം: താലൂക്ക് തലത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസ് തുടങ്ങും – മന്ത്രി എ.പി.അനില്‍കുമാര്‍

മലപ്പുറം:  പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആനുകുല്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ താലൂക്ക് തലത്തില്‍ ഓഫീസ് ആരംഭിക്കുമെന്ന് പട്ടികജാതി-പിന്നാക്ക-ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കുടുംബശ്രീ സി.ഡി.എസുകള്‍ക്കുള്ള ലഘുവായ്പാ വിതരണവും ബോധവത്കരണ കാംപും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പിന്നാക്ക വിഭാഗത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബശ്രീ ശാക്തീകരണത്തില്‍ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലഘുവായ്പയിലൂടെ തനതായ പങ്കു വഹിക്കുന്നതായും മന്ത്രി പറഞ്ഞു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഹൈസ്‌കൂള്‍ തലം മുതല്‍ സ്‌കോളര്‍ ഷിപ്പ് വിതരണ പദ്ധതി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

എടവണ്ണ, നെടിയിരുപ്പ്, പുല്‍പ്പറ്റ, വണ്ടൂര്‍, വഴിക്കടവ്, തൃക്കലങ്ങോട്, മൊറയൂര്‍, പോരൂര്‍ പഞ്ചായത്തുകള്‍ക്ക് 25 ലക്ഷം രൂപ വീതമായി രണ്ട് കോടി വിതരണം ചെയ്തു. ഈ പഞ്ചായത്തുകളിലെ 156 അയല്‍ക്കൂട്ടങ്ങളിലെ 846 വ്യക്തിഗത ഉപഭോക്താക്കള്‍ക്കാണ് തുക ലഭിച്ചത്. കൂടാതെ 167 വ്യക്തിക്കള്‍ക്ക് വായ്പ ഇനത്തില്‍ 160 ലക്ഷം രൂപയും വിതരണം ചെയ്തു.

ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി, ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.മുഹമ്മദ് ഇസ്മയില്‍, മാനേജിങ് ഡയറക്ടര്‍ ബി.ദിലീപ് കുമാര്‍, ജില്ലാ മാനേജര്‍ എം.റ്റി.മുഹമ്മദ് ഫനീഫ എന്നിവര്‍ പങ്കെടുത്തു.