വര്‍ഗീയത വളര്‍ത്താനുള്ള ആര്‍എസ്എസ് നീക്കം ചെറുക്കും: പിണറായി

തിരു: ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍  വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ആര്‍എസ്എസ്  ശ്രമിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .ആര്‍എസ്‌എസിനെ സിപിഎമ്മിന്റെ ചെലവില്‍ വെള്ള പൂശാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം-ആര്‍എസ്‌എസ്‌ ഐക്യത്തെ കുറിച്ച്‌ ‘കേസരി’യില്‍ വന്ന ലേഖനത്തെ കുറിച്ചുളള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു പിണറായി.
യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അവരുടെ ശ്രമം ശക്തമായി. കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി യുഡിഎഫ് ഘടകകക്ഷികളും നേതാക്കളും പരസ്യമായി പറഞ്ഞു. ജാതി സംഘടനകള്‍ യോജിപ്പെന്ന മുദ്രാവാക്യവുമായി ഇതിനിടയില്‍ രംഗത്തിറങ്ങി. സംഘടനകള്‍ യോജിക്കുന്നതിനെ തടയേണ്ട കാര്യമില്ല. എന്നാല്‍,ഹൈന്ദവ ഏകീകരണമെന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍എസ്എസ് മറനീക്കി രംഗത്തുവന്നു. ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിശക്തമായി ഇത് എതിര്‍ക്കണം. ആര്‍എസ്എസ് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് ഗൗരവമായി പരിശോധിക്കാന്‍ മതനിരപേക്ഷതയില്‍ വിശ്വാസമുള്ള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തയ്യാറാകണമെന്നും പിണറായി പറഞ്ഞു.