പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

Story dated:Wednesday October 12th, 2016,11 53:am

കണ്ണൂര്‍:പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പിണറായി സ്വദേശി രമിത്താണ് കൊല്ലപ്പെട്ടത്. പിണറായി ടൗണില്‍ പെട്രോള്‍ പമ്പിനു സമീപത്തുവെച്ചാണ് ഒരു സംഘം ആളുകള്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ സിപിഐഎം പ്രവര്‍ത്തകന്‍ എം മോഹന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപി പ്രവര്‍ത്തകന്‍ പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ എം മോഹന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കൂത്തുപറമ്പ് മേഖലകളില്‍ ഉണ്ടായ സംഘര്‍ങ്ങളെ തുടര്‍ന്ന് ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്ക് കൂത്തുപറമ്പ് മണ്ഡലത്തില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസ് സംഘത്തെ വിന്യസിപ്പിക്കുകയും ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂരില്‍ ആക്രമണ പരമ്പരകള്‍ വ്യാപിക്കുന്നതിനു പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി നേതാക്കള്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.