പിടിച്ചെടുത്ത പണം: അപ്പീല്‍ നല്‍കേണ്ടത്‌ ജില്ലാതല അപ്പലറ്റ്‌ കമ്മിറ്റിക്ക്‌

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംശയാസ്‌പദമായ സാഹചര്യത്തില്‍ പിടിച്ചെടുക്കുന്ന തുക തിരികെ നല്‍കുന്നത്‌ സംബന്ധിച്ച അപ്പീല്‍ നല്‍കേണ്ടത്‌ ജില്ലാതല അപ്പലറ്റ്‌ കമ്മിറ്റിക്കാണെന്ന്‌ കണ്‍വീനര്‍ കൂടിയായ കലക്‌ടറേറ്റിലെ ഫിനാന്‍സ്‌ ഓഫീസര്‍ ടി.കൃഷ്‌ണന്‍ അറിയിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്‌ട്‌ ഡയറക്‌ടര്‍ പി.ഡി.ഫിലിപ്‌, ജില്ലാ ട്രഷറി ഓഫീസര്‍ സി. മണി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളാണ്‌. ഫ്‌ളെയ്‌ങ്‌ സ്‌ക്വാഡുകളും സ്റ്റാറ്റിക്‌ സര്‍വെലന്‍സ്‌ ടീമുകളും പണം പിടിച്ചെടുക്കുമ്പോള്‍ നല്‍കുന്ന രസീതിയില്‍ അപ്പീല്‍ അധികാരിയായി ജില്ലാതല അപ്പലറ്റ്‌ കമ്മിറ്റി എന്ന്‌ എഴുതി നല്‍കണമെന്ന്‌ വിവിധ ടീം ലീഡര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ്‌ സംബന്ധിച്ച പരാതികള്‍ ഇലക്‌ഷന്‍ എക്‌സ്‌പന്‍ഡിച്ചര്‍ മോണിറ്ററിങ്‌ സെല്ലില്‍ (കലക്‌ടറേറ്റ്‌ ഫിനാന്‍സ്‌ സെക്ഷന്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആന്‍ഡ്‌ കാള്‍ സെന്ററിലേക്ക്‌ 18004254934, 18004254981 ടോള്‍ഫ്രീ നമ്പറുകളിലും 0483 2735922 ലും അറിയിക്കാം.