പിഞ്ചുകുഞ്ഞിനെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവം ; പിതാവെന്ന് സംശയിക്കുന്ന ആളെ നാളെ പരപ്പനങ്ങാടിയിലെത്തിക്കും.

പരപ്പനങ്ങാടി : ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് കടന്ന കളഞ്ഞ കുട്ടിയുടെ പിതാവ് കക്കരപ്പള്ളി ഗിരീഷ് (44) എന്നയാളെ പരപ്പനങ്ങാടി പോലീസ് നാളെ തെളിവെടുപ്പിനായി കൊണ്ടുവരും. ഇയാള്‍ ഇപ്പോള്‍ എറണാകുളത്ത് പോലീസ് കസ്റ്റഡിയിലാണ്.

എറണാകുളത്തെ ഒരു വന്‍കിട ഹോട്ടല്‍ ജീവനക്കാരനായ ഇയാളെ വൈറ്റ്‌ലയില്‍ ഇയാള്‍ താമസിച്ച വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഗിരീഷിന് ഭാര്യയും കുട്ടികളുമുണ്ടെങ്കിലും ഇയാള്‍ എറണാകുളത്ത് കര്‍ണാടക സ്വദേശിയായ യുവതിയോടൊപ്പമാണ് താമസം. ഈ യുവതിയില്‍ ഗിരീഷിനുണ്ടായ കുട്ടിയെയാണ് പരപ്പനങ്ങാടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് സംശയിക്കുന്നത്. യുവതി കുട്ടിയെ ഇയാളെ ഏല്‍പിച്ച് കര്‍ണാടകയിലേക്ക് മടങ്ങിയതായാണ് വിവരം.
ശനിയാഴ്ചയിലെ പത്രവാര്‍ത്തയില്‍ കുഞ്ഞിന്റെ ഫോട്ടോ കണ്ട ഡേക്കെയര്‍ നടത്തിപ്പുക്കാര്‍ സംശയം തോന്നി പോലീസിനെ അറിയിച്ചതാണ് ഗിരീഷിനെ പോലീസ് പിടികൂടാന്‍ കാരണമായത്.

നാദപുരം സ്വദേശിയായ ഗിരീഷിന്റെ മാതാവിന്റെ വീട് പരപ്പനങ്ങാടിയിലാണ് ഇതാവാം കുഞ്ഞിനെ പരപ്പനങ്ങാടിയില്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഈ പിഞ്ചു കുഞ്ഞിനെ റെയില്‍വേട്രാക്കിന് അരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടും ഞായറാഴ്ച്ച രാവിലെ വരെ കേസ് രജിസ്റ്റര്‍ ചെയ്യാനോ അനന്തര നടപടികള്‍ക്കോ പരപ്പനങ്ങാടി പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ട് എസ് പിയെ വിവരം ധരിപ്പിച്ച് അദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നാളെ വൈകീട്ടോടെ പരപ്പനങ്ങാടി സ്റ്റേഷനിലെത്തിക്കുന്ന ഇയാളെ കുഞ്ഞിനെ ഉപേക്ഷിച്ച റെയില്‍വേട്രാക്കിനടുത്ത് തെളിവെടുപ്പിനായി കൊണ്ടുവരുമെന്നാണ് സൂചന.

പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.