പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

Story dated:Thursday February 4th, 2016,12 11:pm

ദില്ലി: പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ്‌. ഇതിനെതിരെ പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 2011 ലെ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.

ഉത്തരക്കടലാസ്‌ പരിശോധകരുടെ പേരു വെളിപ്പെടുത്തരുതെന്ന നിര്‍ദേശത്തോടെയാണ്‌ പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്‌. ജസ്‌റ്റിസ്‌ ഇഖ്‌ബാല്‍ അധ്യക്ഷനായ ബെഞ്ചാണ്‌ ഉത്തരവു പുറപ്പെടുവിച്ചത്‌. ഭരണഘടനാ സ്ഥാപകനായ പിഎസ്‌സി സംശയത്തിന്‌ അതീതമായി നിലനില്‍ക്കണമെങ്കില്‍ അതു വിവരാവകാശ പരിധിയില്‍ നില്‍ക്കുന്നതായിരിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. വിവരങ്ങള്‍ സുതാര്യമാക്കുന്നതിനും പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കുന്നതിനും ഇത്‌ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

2011 ല്‍ കേരള ഹൈക്കോടതി ഇക്കാര്യം സംബന്ധിച്ച്‌ വിധി പുറപ്പെടുവിച്ചെങ്കിലും ഇത്‌ ചോദ്യം ചെയ്‌തു പിഎസ്‌സി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാ രേഖകളും പുറത്തുവിട്ടാല്‍ അതു ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുമെന്നും പിഎസ്‌സി വാദിച്ചു. ജോലിഭാരവും ചെലവും കൂടുമെന്നും ചൂണ്ടിക്കാട്ടി മൂന്നാമതൊരു കക്ഷിക്ക്‌ ഉത്തരക്കടലാസ്‌ ലഭിക്കുന്നതിനെയും പിഎസ്‌സി ചോദ്യം ചെയ്‌തിരുന്നു. ആ വാദവും സുപ്രീം കോടതി തള്ളി.