പിഎസ്എംഒ കോളേജില്‍ തണല്‍കൂട്ട്

തിരൂരങ്ങാടി: ജില്ലാ പഞ്ചായത്ത് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന തണല്‍കൂട്ട് ക്യാമ്പസ് കൂട്ടായ്മക്ക് തുടക്കമായി. സ്വന്തം ജീവിതത്തിന്റെ തണലും താളവും നിലനിര്‍ത്താനും മറ്റുള്ളവര്‍ക്ക് തണലേകാനും എന്ന മുദ്രാവാക്യവുമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കുന്നത്. പി എസ് എം ഒ കോളജില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് തണല്‍കൂട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികലെ സമൂഹത്തിന് പ്രയോജനമുള്ളവരാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പസുകള്‍ ഇന്ന് മലീമസമാണ്. ലഹരിയും സൈബര്‍ കുറ്റകൃത്യങ്ങളും ക്യാമ്പസിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.

ചെറുത്തുതോല്‍പ്പിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളെ തെറ്റായ വഴിയില്‍ നിന്നും പിന്തിരിപ്പിച്ച് സമൂഹത്തിനും നാടിനും ഉപകാരുപ്രദമായ പൗരന്‍മാരാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ നേരമാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ എളുപ്പം കഴിയുക വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയാണ്. ഒഴുക്കിനെതിരെ നീന്തി സമൂഹത്തിന് മാതൃകയായ വിദ്യാര്‍ത്ഥികളാകാന്‍ കഴിയണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു അദ്ധ്യക്ഷത വഹിച്ചു. തണല്‍കൂട്ട് ജില്ലാ കണ്‍വീനര്‍ ജോഷി ജോസഫ് പദ്ധതി വിശദീകരണം നടത്തി. പി എസ് എം ഒ കോളജ് യൂണിറ്റ് തണല്‍കൂട്ട് യൂണിറ്റ് ടി വി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഇ പോസിറ്റീവ് പ്രോഗ്രാം തിരൂരങ്ങാടി സി ഐ എ ഉമേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ കാമ്പസുകളില്‍ സേവനസന്നദ്ധതയും സാമൂഹ്യപ്രതിബദ്ധതയുമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കാളിയാക്കുവാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.