പാസ്‌പോര്‍ട്ട്‌ സംശയ നിവാരണത്തിന്‌ ഫെസിലിറ്റേഷന്‍ സെന്റര്‍

മലപ്പുറം: പാസ്‌പോര്‍ട്ട്‌ സംബന്ധമായ സംശയങ്ങള്‍ ദുരീകരണത്തിനായി പൊതുജന സമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച്‌ മലപ്പുറം റീജനല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിന്റെ നേതൃത്വത്തില്‍ പാസ്‌പോര്‍ട്ട്‌ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു. പാസ്‌പോര്‍ട്ടിന്‌ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട രീതി, തത്‌ക്കാല്‍ സ്‌കീം, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്‌, കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകള്‍ പുതുക്കുന്ന രീതി തുടങ്ങിയ സേവനങ്ങള്‍ സെന്ററില്‍ ലഭിക്കും. ആധാര്‍ കാര്‍ഡ്‌, തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌, നോട്ടറിയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തിയ അനക്‌സര്‍ -ഐ എന്നിവ അപേക്ഷയോടൊപ്പം നല്‍കി പാസ്‌പോര്‍ട്ട്‌ വേഗത്തില്‍ ലഭിക്കുന്ന പുതിയ പദ്ധതി സംബന്ധിച്ച വിവരങ്ങളും സെന്ററില്‍ ലഭ്യമാണ്‌. റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ ജനുവരി 26 ന്‌ വിദേശകാര്യ മന്ത്രാലയമാണ്‌ അധിക ഫീസില്ലാതെ പാസ്‌പോര്‍ട്ട്‌ വേഗത്തില്‍ ലഭിക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്‌. വിശദ വിവരങ്ങള്‍ 1800 258 1800 ടോള്‍ ഫ്രീ നമ്പറുകളിലും മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസിലെ 0483 2739701, 2739702, 2739703 നമ്പറുകളിലും ലഭിക്കും.